ഗസ്സ: ഇസ്രായേൽ വ്യോമാക്രമണത്തിലും നരനായാട്ടിലും കനത്ത നഷ്ടം നേരിട്ട ഗസ്സയെ പുനരുജ്ജീവിപ്പിക്കാനും പുനർനിർമാണത്തിനുമായി ഈജിപ്ത് 500 ദശലക്ഷം യു.എസ് ഡോളർ സഹായം നൽകും. ഈജിപ്തിലെ നിർമാണ കമ്പനികളുടെ സഹായവും ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസിയുടെ ഓഫിസ് അറിയിച്ചു.
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർനിർത്തൽ ധാരണയിലെത്താൻ മധ്യസ്ഥ ശ്രമങ്ങൾ ഈജിപ്ത് നടത്തിയിരുന്നു. ഗസ്സയിലേക്ക് മെഡിക്കൽ സഹായവും ലഭ്യമാക്കിയിരുന്നു.
ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 213 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 61 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 1500ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആശുപത്രികളും സ്കൂളുകളും അഭയാർഥി കേന്ദ്രങ്ങളും ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ഗസ്സയിൽ ഇസ്രയേൽ സൈന്യം ആക്രമണത്തിൽ തകർത്തത്. അൽ ജസീറ ഉൾപ്പെടെ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടവും തകർത്തിരുന്നു.
ഹമാസിന്‍റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 300ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.