ലണ്ടൻ: ബ്രിട്ടനിൽ മുസ്ലിംകൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന കത്ത് നിരവധിപേർക്ക് ലഭിച്ച സംഭവത്തിെൻറ അന്വേഷണം ഭീകരവിരുദ്ധ പൊലീസ് ഏറ്റെടുത്തു. വരുന്ന ഏപ്രിൽ മൂന്ന് മുസ്ലിംകളെ ആക്രമിക്കുന്ന ദിനമായി ആചരിക്കാനാണ് ലഘുലേഖ രൂപത്തിലുള്ള കത്തിൽ ആവശ്യപ്പെടുന്നത്. പോസ്റ്റ് വഴിയാണ് ലണ്ടനിലെയും വെസ്റ്റ് മിഡ്ലാൻഡിലെയും നിരവധിപേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കത്ത് ലഭിച്ചത്.
ചിലർ കത്തുകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ‘അവർ നിങ്ങളെ ഉപദ്രവിച്ചു, അവർ നിങ്ങളുടെ ഇഷ്ടപ്പെട്ടവരെ വേദനിപ്പിച്ചു, നിങ്ങൾക്ക് ഹൃദയവേദനയുണ്ടാക്കി, ഇതിനെല്ലാം നിങ്ങൾ എന്തു ചെയ്യും?’ ലഘുലേഖ ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്. അക്രമത്തിെൻറ തോതനുസരിച്ച് സമ്മാനമുണ്ടാകുമെന്നും കത്തിൽ പറയുന്നുണ്ട്. മുസ്ലിംകളെ തെറിപറയുക, ആസിഡ് ആക്രമണം നടത്തുക, പള്ളികൾ ആക്രമിക്കുക തുടങ്ങിയ നിർദേശങ്ങളും കത്ത് നൽകുന്നുണ്ട്. കത്തിെൻറ ഉറവിടം സംബന്ധിച്ച് അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
എല്ലാ സമുദായങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ആരും ഭയക്കേണ്ടതില്ലെന്നും പൊലീസ് ആവശ്യപ്പെട്ടു. ബ്രിട്ടനിലെ മുസ്ലിം സംഘടനകൾ, രാഷ്ട്രീയ പ്രവർത്തകർ, മനുഷ്യാവകാശ സംഘടനകൾ എന്നിവർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ബ്രിട്ടനിൽ 25 ലക്ഷത്തിലേറെ മുസ്ലിംകൾ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.