ബെയ്റൂത്: ഹമാസ് നേതാവ് യഹ്‍യ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ലബനാനിലെ ഹിസ്ബുല്ല. തങ്ങളുടെ പോരാളികൾ പുതിയ തരം ഗൈഡഡ് മിസൈലുകളും ബോംബുകൾ വഹിക്കുന്ന ഡ്രോണുകളും ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയതായും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരമാണ് തെക്കൻ ലബനാനിൽ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യത്തിനെതിരെ പോരാടുന്നത്. ഈ ആഴ്ച ഇസ്രായേലിന്റെ രണ്ട് ഹെർമെസ് 450 ഡ്രോണുകൾ വെടിവെച്ചിട്ടു. ഒരാഴ്ചക്കിടെ പത്ത് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും ഒമ്പത് മെർകാവ ടാങ്കുകൾ തകർക്കുകയും ചെയ്തു. സെപ്റ്റംബർ 30ന് ശേഷം 55 സൈനികരെ ഇസ്രായേലിന് നഷ്ടപ്പെട്ടതായും 500ലേറെ സൈനികർക്ക് പരിക്കേറ്റതായും ഹിസ്ബുല്ല വ്യക്തമാക്കി.
ഹിസ്ബുല്ല പറത്തിയ സ്ഫോടകവസ്തുക്കൾ വഹിച്ച ഡ്രോൺ ഇസ്രായേലിന്റെ അതിശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് സൈനിക പരിശീലന ക്യാമ്പിലെ ഹാളിൽ പതിച്ച് നാല് സൈനികർ കൊല്ലപ്പെടുകയും ഡസനിലേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വെള്ളിയാഴ്ച യുദ്ധത്തിലെ പുതിയ നീക്കങ്ങളെ കുറിച്ച് ഹിസ്ബുല്ല വിശദീകരിച്ചത്. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവ് ലക്ഷ്യമിട്ട് പുതിയ തരം ഖാദർ-2 മിസൈൽ വിക്ഷേപിച്ചതായി ഹിസ്ബുല്ല നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, യഹ്‍യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഉത്തര ഇസ്രായേലിനെ ലക്ഷ്യമിട്ട് 15ഓളം റോക്കറ്റുകൾ ഹിസ്ബുല്ല തൊടുത്തുവിട്ടതായാണ് റിപ്പോർട്ട്. അക്രെയിലും ഹൈഫയിലും അടക്കം വിവിധ ഭാഗങ്ങളിൽ റോക്കറ്റ് ആക്രമണ സൈറൺ മുഴങ്ങിയതായി ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.