മോസ്കോ: സിറിയയിൽ സൈനിക ക്യാമ്പിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെതിരെ റഷ്യ രംഗത്തെത്തി. അമേരിക്ക-റഷ്യ ബന്ധത്തിന് ഉലച്ചിൽ തട്ടുന്ന നടപടിയാണിതെന്നും അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യൻ പ്രസിഡൻറ് വ്ലാദമിർ പുടിൻ പറഞ്ഞതായി അദ്ദേഹത്തിൻെറ ഒാഫീസിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിൻെറ സഖ്യകക്ഷിയാണ് റഷ്യ. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിന് ശേഷം യു.എസ്-റഷ്യ ബന്ധം മെച്ചപ്പെടുത്താൻ സാധിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരായ സിറിയയിലെ പോരാട്ടത്തിൽ അമേരിക്കൻ സഹായം റഷ്യ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അസദിൻെറ സൈന്യം രാസായുധ പ്രയോഗം നടത്തിയതും അമേരിക്ക തിരിച്ചടി നൽകിയതും. ട്രംപുമായുള്ള സഹകരണത്തിന് റഷ്യയെ പിൻവലിക്കുന്നതാണ് ഇന്നത്തെ ആക്രമണം.യു.എൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കാൻ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.ആക്രമണത്തിൽ റഷ്യൻ സൈനികർക്ക് പരിക്കേറ്റിട്ടില്ല.
സിറിയൻ സർക്കാറിൻെറ രാസായുധ പ്രയോഗത്തിന് മറുപടിയായി ആണ് അമേരിക്ക ഇന്ന് സിറിയൻ വ്യോമ താവളത്തിൽ ആക്രമണം നടത്തിയത്. ഹോംസിലെ ശെയ്റാത്തിലുള്ള വ്യോമ താവളത്തിൽ ഇന്ന് പുലർച്ചെ 3.45നാണ് അമേരിക്കൻ അക്രമണമുണ്ടായത്. സിറിയൻ വ്യോമ താവളത്തിൻറെ എയർ സ്ട്രിപ്പ്, യുദ്ധ സാമ്രഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം, കൺട്രോൾ ടവർ, വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളിൽ അറുപതോളം ക്രൂയിസ് മിസൈലുകൾ വർഷിച്ചതായാണ് യു.എസ് ഒൗദ്യോഗിക വൃത്തങ്ങളും അറിയിച്ചത്.സംഭവത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് കൈക്കൊണ്ട നടപടിയാണിതെന്നും രാസായുധം തടയേണ്ടത് ആവശ്യമാണെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമതരുടെ നിയന്ത്രണ മേഖലയായ ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ ബശ്ശാർ അൽ അസദിെൻറ സൈന്യം രാസായുധ പ്രയോഗം നടത്തിയത്. സരിൻ വിഷ വാതകമാണ് പ്രയോഗിച്ചത്. സംഭവത്തിൽ 60 പേർ മരിച്ചതായാണ് പ്രാഥമിക വിവരമെങ്കിലും 100 പേർ മരിച്ചതായും 500 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.