ലണ്ടൻ: മുൻ റഷ്യൻ ചാരനെതിരെ ബ്രിട്ടീഷ് നഗരമായ സാലിസ്ബറിയിൽ വിഷവാതക പ്രയോഗം നടന്ന സംഭവത്തിൽ ബ്രിട്ടനിൽ അടിയന്തര മന്ത്രിസഭ യോഗം. വിഷവാതകം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യോഗം ചേരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലും മകൾ യൂലിയയും ആക്രമണത്തിനിരയായത്.
നഗരത്തിലെ ഷോപ്പിങ് സെൻററിനു പുറത്തെ ബെഞ്ചിൽ ഇരുവരും ബോധരഹിതരായി കാണപ്പെടുകയായിരുന്നു. തുടർന്ന്, നടത്തിയ അേന്വഷണത്തിലാണ് വിഷവാതക പ്രയോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെ മുൾമുനയിലാക്കിയ സംഭവത്തിനു പിന്നിൽ റഷ്യയാണെന്നാണ് ആരോപണം.
റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഇരുവരും അതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥെൻറ നിലയും ഗുരുതരമാണ്. ഇദ്ദേഹമുൾപ്പെടെ 21 പേർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആക്രമണത്തിനുപയോഗിച്ച വിഷവാതകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല.
പ്രതിയെക്കുറിച്ച സൂചനകളും പുറത്തുവന്നിട്ടില്ല. സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രിമാരുടെ യോഗം ചേരുന്നത്. ഇരുവരെയും കണ്ടെത്തിയ സ്ഥലം അധികൃതർ പരിശോധനക്കായി വളച്ചുകെട്ടിയിട്ടുണ്ട്. ഇവർ സന്ദർശിച്ച പബ്ബും റസ്റ്റാറൻറും സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ റഷ്യയുടെ പങ്ക് സ്ഥിരീകരിച്ചാൽ യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.