ലോസ് ആഞ്ചൽസ് തീപിടിത്തത്തിൽ പത്ത് മരണം: നശിച്ചത് 10,000 വീടുകൾ; പ്രദേശത്ത് വ്യാപക കൊള്ള

ലോസ് ആഞ്ചൽസ്: യു.എസിലെ ലോസ് ആഞ്ചൽസിൽ നാശം വിതച്ച വൻ കാട്ടുതീയിൽ കുറഞ്ഞത് പത്തു പേർ മരിച്ചതായും 10,000 വീടുകളും കെട്ടിടങ്ങളും മറ്റ് നിർമിതികളും കത്തിനശിച്ചതായും റിപ്പോർട്ട്. തീ പൂർണമായും നിയന്ത്രണ വിധേയമാവാത്തതിനാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി അധികൃതർ പറഞ്ഞു. 35,000 ഏക്കറിലധികം പ്രദേശത്തെ അഗ്നി വിഴുങ്ങിയതായി കണക്കാക്കുന്നു. ഇത് ഏകദേശം സാൻ ഫ്രാൻസിസ്കോയുടെ വലിപ്പത്തോളം വരും. കുറഞ്ഞത് 180,000 ആളുകൾക്കെങ്കിലും പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

ആളുകൾ ഒഴിഞ്ഞുപോയ ഇടങ്ങളിൽ വ്യാപകമായ കൊള്ള നടക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കൊള്ളയടിച്ചതിന് 20 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനം കാരണം സാൻഡാ മോണിക്ക നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാഷനൽ ഗാർഡ് സേന വ്യാഴാഴ്ച വൈകുന്നേരത്തോടെ ലോസ് ആഞ്ചൽസിൽ എത്തി. വസ്തുവകകൾ സംരക്ഷിക്കുന്നതിനായി തീപിടുത്തത്തിൽ നശിച്ച പ്രദേശങ്ങൾക്ക് സമീപം തങ്ങൾ നിലയുറപ്പിക്കുന്നതായി സേന പറഞ്ഞു. എല്ലാ സ്കൂളുകളും അടച്ചിടുമെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ക്ലാസുകൾ പുനഃരാരംഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

വെൻചുറ കൗണ്ടിക്ക് സമീപമുള്ള വെസ്റ്റ് ഹിൽസിന് സമീപമുള്ള സാൻ ഫെർണാണ്ടോ താഴ്‌വരയിൽ കഴിഞ്ഞ ബുധനാഴ്ച  ഉച്ചകഴിഞ്ഞാണ് അതിവേഗം നീങ്ങുന്ന കാട്ടു തീ പൊട്ടിപ്പുറപ്പെട്ടത്. തീ കെടുത്താനുള്ള ആദ്യ ശ്രമങ്ങളെ അസ്ഥാനത്താക്കി വീശിയടിക്കുന്ന വരണ്ട കാറ്റു മൂലം അതിവേഗം പടരുകയായിരുന്നു.

പാലിസേഡ്‌സ്, ഈറ്റൺ എന്നിങ്ങനെ പേരുകളുള്ള രണ്ട് വലിയ കാട്ടു തീകൾ ഒന്നിച്ചാണ് ഹോളിവുഡ് വിനോദ വ്യവസായത്തിന്റെ ഹൃദയഭാഗമായ ലോസ് ആഞ്ചൽസിനെ ആക്രമിച്ചത്. നശിച്ചവയിൽ ഹോളിവുഡിലെ പ്രമുഖരുടെ വീടുകൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, ബിസിനസ് ഹബ്ബുകൾ, വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വീടുകളുടെയും അവയുടെ ചിമ്മിനികളുടെയും രൂപരേഖകൾ മാത്രമാണ് അവശേഷിക്കുന്നത്. മനോഹരമായ പസഫിക് പാലിസേഡുകളുടെ അവശിഷ്ടങ്ങൾ ഇ​പ്പോഴും പുകയുന്നതായാണ് റിപ്പോർട്ട്. മാലിബുവിൽ, കടൽത്തീരത്തെ വീടുകൾ നിലനിന്നിരുന്നിടത്ത് കറുത്തിരുണ്ട പുക ഉയരുന്നു.

അഞ്ച് പള്ളികൾ, ഒരു സിനഗോഗ്, ഏഴ് സ്കൂളുകൾ, രണ്ട് ലൈബ്രറികൾ, ബോട്ടിക്കുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ബാങ്കുകൾ, പലചരക്ക് സാധനങ്ങൾ എന്നിവ കത്തിനശിച്ചവയിൽപെടും. വിൽ റോജേഴ്‌സിന്റെ വെസ്റ്റേൺ റാഞ്ച് ഹൗസും ടോപംഗ റാഞ്ച് മോട്ടലും 1920കളിലെ പ്രാദേശിക ലാൻഡ്‌മാർക്കുകളായിരുന്നു. യഥാർതഥ നാശനഷ്ടങ്ങളുടെ കണക്കുകളോ എത്ര കെട്ടിടങ്ങൾ കത്തിനശിച്ചുവെന്നതിന്റെ വിശദാംശങ്ങളോ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം, കാലാവസ്ഥയെയും അതിന്റെ ആഘാതത്തെയും കുറിച്ചുള്ള ഡേറ്റ നൽകുന്ന സ്വകാര്യ കമ്പനിയായ ‘അക്യു വെതർ’ നാശനഷ്ടങ്ങളുടെയും സാമ്പത്തിക നഷ്ടത്തിന്റെയും കണക്ക് 15000കോടി ഡോളറാണെന്ന് പറയുന്നു.

ഹോളിവുഡ് ഹിൽസിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീ നിയന്ത്രണവിധേയമാക്കാൻ വിമാനത്തിൽനിന്ന് വെള്ളം അടിക്കുന്നതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്റെ അടിസ്ഥാന കാരണം ഇതുവരെ അറിവായിട്ടില്ലെന്നും  സജീവമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - New Los Angeles area fire prompts more evacuations while over 10,000 structures lost to 2 biggest blazes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.