2024 രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ചൂടേറിയ വർഷം

ബെർലിൻ: രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024 എന്ന് ലോക കാലാവസ്ഥാ ഓർഗനൈസേഷൻ അറിയിച്ചു. നിരവധി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങളുടെ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര റിപ്പോർട്ട് പുറത്തിറക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടൻ, ചൈന, യൂറോപ്യൻ യൂനിയൻ, അമേരിക്ക എന്നിവിടങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണ്ടെത്തലുകൾ അപഗ്രഥിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

കരയിലും സമുദ്രോപരിതലത്തിലും അസാധാരണമായ താപനിലയാണ് അനുഭവപ്പെട്ടതെന്നും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെയും ബാധിക്കുന്ന അതിതീവ്രമായ കാലാവസ്ഥ പ്രശ്നം, പ്രതീക്ഷകളെയും സ്വപ്നങ്ങളെയും നശിപ്പിക്കുന്നത് കണ്ടുവെന്നും ലോക കാലാവസ്ഥാ ഓർഗനൈസേഷൻ വക്താവ് പറഞ്ഞു.

അന്തർദേശീയമായി അംഗീകരിച്ച 1.5 സെൽഷ്യസ് താപനില എന്ന പരിധി ആദ്യമായി കഴിഞ്ഞ വർഷം മറികടന്നു. കഴിഞ്ഞ വർഷം ജനുവരി-സെപ്റ്റംബർ മാസങ്ങളിലെ ഉപരിതല വായുവിന്‍റെ ആഗോള ശരാശരി താപനില നേരത്തെയുണ്ടായിരുന്ന 1.54 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതലാണ്. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലമാണ് പ്രാഥമികമായി ചൂട് വർധിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ, 1901ന് ശേഷം ഇന്ത്യയിൽ ഏറ്റവും ചൂട് രേഖപ്പെടുത്തിയ വർഷമായി 2024 മാറിയിരുന്നു. പോയ വർഷത്തെ ശരാശരി കുറഞ്ഞ താപനില 1991-2020 കാലഘട്ടത്തെ ശരാശരിയേക്കാൾ 0.90 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. 2024ൽ ഇന്ത്യയിലുടനീളമുള്ള ശരാശരി കര - ഉപരിതല വായുവിന്‍റെ താപനില ദീർഘകാല ശരാശരിയേക്കാൾ 0.65 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചിരുന്നു.

Tags:    
News Summary - WMO confirms 2024 was hottest year on record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.