മോസ്കോ: വിദേശ രാജ്യങ്ങളിലെ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് റഷ്യൻ ദേശീയ മാധ്യമങ്ങളെ നിരോധിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ ‘മെറ്റ’. സൂക്ഷ്മമായ പരിശോധനക്കുശേഷം റഷ്യൻ സർക്കാർ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും വിദേശ രാജ്യങ്ങളിലെ ഇടപെടൽ കാരണം റൊസിയ സെഗോഡ്ന്യ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആഗോളവ്യാപകമായി ആപ്പുകളിൽ നിരോധിച്ചതായും മെറ്റ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, മെറ്റയെ വിമർശിച്ച് റഷ്യ രംഗത്തെത്തി. റഷ്യ മാധ്യമങ്ങൾക്കെതിരെ തിരഞ്ഞുപിടിച്ചു നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. മെറ്റയുമായുള്ള റഷ്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യത കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള അന്തർദേശീയ ടെലിവിഷൻ നെറ്റ്വർക്കായ ആർ.ടിക്ക് ഫേസ്ബുക്കിൽ 72 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെക് ഭീമന്റെ പ്രഖ്യാപനം. റഷ്യയുടെ ചാരസംഘത്തിലെ പൂർണ അംഗം എന്ന് ആർ.ടിയെ യു.എസ് വിശേഷിപ്പിച്ചിരുന്നു. യുക്രെയ്നെതിരെ യുദ്ധം ചെയ്യാനുള്ള ആയുധങ്ങൾക്ക് പണം കണ്ടെത്താൻ ആർ.ടി വിദേശ രാജ്യങ്ങളിൽ പ്രചാരണങ്ങൾ നടത്തുന്നതായും ആരോപിച്ചിരുന്നു. റഷ്യ അനുകൂല വാർത്തകൾ ഇംഗ്ലീഷിൽ നൽകാൻ ടെന്നസി ആസ്ഥാനമായുള്ള വലതുപക്ഷ മാധ്യമ കമ്പനിക്ക് രഹസ്യമായി വൻ തുക നൽകിയെന്ന് ആരോപിച്ച് രണ്ട് ആർ.ടി ജീവനക്കാർക്കെതിരെ യു.എസ് ഈ മാസം ആദ്യം കുറ്റം ചുമത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.