ഗസ്സയിൽ ലൈംഗികാതിക്രമം; ഇസ്രായേൽ സേനക്കെതിരെ യു.എൻ റിപ്പോർട്ട്

ഗസ്സയിൽ ലൈംഗികാതിക്രമം; ഇസ്രായേൽ സേനക്കെതിരെ യു.എൻ റിപ്പോർട്ട്

ജനീവ: ഗസ്സ യുദ്ധത്തിൽ ഇസ്രായേൽ സേന ലൈംഗികാതിക്രമങ്ങൾ നടത്തുന്നതായി യു.എൻ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട്. സ്വതന്ത്ര അംഗങ്ങളടങ്ങിയ കമീഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഗസ്സയിൽ ജനവാസകേന്ദ്രങ്ങളിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതും ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കുമെതിരായ ആക്രമണവും വ്യാപകമായി കെട്ടിടങ്ങൾ തകർത്തതും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഈ മൂന്ന് കാര്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിലേക്ക് നയിച്ചു. ഫലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും എതിരായ അതിക്രമങ്ങളും വിവരിക്കുന്ന റിപ്പോർട്ടിൽ ഫലസ്തീൻ തടവുകാരെ ഇസ്രായേൽ സുരക്ഷാസേന ലൈംഗികമായി പീഡിപ്പിച്ചതായും പറയുന്നു.

ലൈംഗിക, പുനരുൽപാദന ആരോഗ്യകേന്ദ്രങ്ങൾ തകർത്തതുവഴി ഇസ്രായേൽ വംശഹത്യാ നടപടികളാണ് സ്വീകരിച്ചതെന്ന് കമീഷൻ അംഗം ക്രിസ് സിദോതി പറഞ്ഞു. എന്നാൽ, ആരോപണം നിഷേധിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, സംഘടനയുടെ ജൂതവിരുദ്ധതയും ഭീകരതക്കുള്ള പിന്തുണയുമാണ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നതെന്ന് ആരോപിച്ചു. നിയമലംഘനമുണ്ടായാൽ ഉടൻതന്നെ നടപടിയെടുക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രതികരിച്ചു.

അടിസ്ഥാനരഹിതമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ജനീവയിലെ ഇസ്രായേൽ എംബസി കുറ്റപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

ബന്ദിയെയും നാല് മൃതദേഹവും വിട്ടുനൽകുമെന്ന് ഹമാസ്

ജറൂസലം: അമേരിക്കൻ-ഇസ്രായേലി ബന്ദിയെയും നാല് ബന്ദികളുടെ മൃതദേഹവും വിട്ടുനൽകുമെന്ന് ഹമാസ്. അനുരഞ്ജന ചർച്ചകളിൽ ഉയർന്ന നിർദേശം സ്വീകരിച്ചാണ് നടപടി. ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണ് അറിയിപ്പുണ്ടായത്.

ഈഡൻ അലക്സാണ്ടർ എന്ന സൈനികനെയും നാലു മൃതദേഹങ്ങളും എപ്പോഴാണ് കൈമാറുകയെന്ന് വ്യക്തമാക്കിയിട്ടില്ല. 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണമുണ്ടായ ദിവസം ദക്ഷിണ ഇസ്രായേലിൽ ഗസ്സ അതിർത്തിയോട് ചേർന്ന സൈനിക കേന്ദ്രത്തിൽനിന്നാണ് അലക്സാണ്ടർ എന്ന 19കാരനെ തട്ടിക്കൊണ്ടുപോയത്.

ഹമാസുമായി നേരിട്ട് ചർച്ചയില്ലെന്ന പരമ്പരാഗത നിലപാട് കഴിഞ്ഞ ആഴ്ച അമേരിക്ക ഉപേക്ഷിച്ചിരുന്നു. ഹമാസുമായി അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്ന വൈറ്റ്ഹൗസ് പ്രസ്താവനയോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

Tags:    
News Summary - Rights probe alleges sexual violence against Palestinians by Israeli forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.