ബാങ്കോക്: മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്ര തായ്‍ലൻഡിൽ തിരിച്ചെത്തി. 2001ൽ തായ്‌ലൻഡ് പ്രധാനമന്ത്രിയാകുകയും 2006ലെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയും ചെയ്ത ഷിനവത്ര 15 വർഷത്തിന് ശേഷമാണ് രാജ്യത്ത് തിരിച്ചെത്തിയത്.
ഡോൺ മുവാങ് വിമാനത്താവളത്തിൽ എത്തിയ തക്‌സിൻ ഷിനവത്രയെ സ്വീകരിക്കാൻ ആയിരക്കണക്കിന് അനുയായികളാണ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച് ഒത്തുകൂടിയത്. ഫ്യൂതായ് പാർട്ടിയുടെ പ്രധാന നേതാക്കളും എം.പിമാരും പ്രാദേശിക, വിദേശ മാധ്യമപ്രവർത്തകരും എത്തിയിരുന്നു. ജയിൽശിക്ഷ ഒഴിവാക്കി തിരിച്ചെത്താൻ 20 തവണയാണ് ഷിനവത്ര ശ്രമം നടത്തിയത്.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാർലമെന്റ് വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷിനവത്രയുടെ തിരിച്ചുവരവ്. അതിനാൽ പുതിയ സർക്കാർ രൂപീകരിക്കാനാകുമെന്ന് ഫ്യൂതായ് പാർട്ടിയുടെ പ്രതീക്ഷ. തായ് ജനതക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് സിംഗപ്പൂരിൽ നിന്ന് യാത്ര പുറപ്പെടും മുമ്പ് തക്‌സിൻ ഷിനവത്ര പറഞ്ഞിരുന്നു. അതേസമയം, ഷിനവത്രയെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സുപ്രീംകോടതിയിൽ എത്തിക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നു.
2008ൽ പ്രധാനമന്ത്രിയായിരിക്കെ, റാച്ചഡാഫിസെകിലെ ഭൂമി കുറഞ്ഞ വിലക്ക് വാങ്ങാൻ ഭാര്യ ഖുനിങ് പോത്‌ജമൻ പോംബെജ്രയെ സഹായിച്ച കേസിൽ സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പാണ് ഷിനവത്ര തായ്‌ലൻഡിലേക്ക് കടന്നത്. അഴിമതിയും നികുതി വെട്ടിപ്പും ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു പലായനം.
20 വർഷം രാജ്യത്ത് ഇല്ലാതിരുന്നിട്ടും തായ്‌ലൻഡ് രാഷ്ട്രീയത്തിൽ തക്‌സിൻ ഷിനവത്ര പ്രബലനായ വ്യക്തിയാണ്. മടങ്ങിയെത്തിയ ഷിനവത്ര അഴിമതി, കോഴ കൊടുക്കൽ എന്നീ കുറ്റങ്ങളിൽ 12 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. എന്നാൽ, 74കാരനായതിനാൽ ജയിലിൽ കഴിയേണ്ടിവരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തായ്‌ലൻഡിൽ 70 വയസിന് മുകളിൽ പ്രായമുള്ള കുറ്റവാളികൾക്ക് പരോളോ, മാപ്പോ അഭ്യർഥിക്കാൻ അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.