വാഷിങ്ടൺ: അധികാരമൊഴിഞ്ഞശേഷം ഔദ്യോഗിക രഹസ്യ രേഖകൾ കടത്തിക്കൊണ്ടുപോയെന്ന കേസിൽ യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ഏഴ് കുറ്റങ്ങൾ ചുമത്തി. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അടുത്ത വർഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങൾ. അതേസമയം, കുറ്റം ചുമത്തിയെങ്കിലും വീണ്ടും മത്സരിക്കാൻ ട്രംപിന് തടസ്സമില്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. രണ്ടാം തവണയാണ് ട്രംപിനെതിരെ കുറ്റം ചുമത്തുന്നത്. നീലച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവെക്കുന്നതിന് പണം നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ട്രംപിനെതിരെ ന്യൂയോർക് കോടതി കുറ്റം ചുമത്തിയിരുന്നു.
താൻ നിരപരാധിയാണെന്ന് ട്രൂത്ത് സോഷ്യൽ എന്ന തന്റെ സമൂഹ മാധ്യമത്തിൽ ട്രംപ് പറഞ്ഞു. ഫ്ലോറിഡ മിയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതായും ചൊവ്വാഴ്ച വൈകീട്ട് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. അവിടെവെച്ച് താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും തനിക്കെതിരായ കുറ്റങ്ങൾ കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കക്ക് ഇതൊരു കറുത്ത ദിനമാണ്. അതിവേഗം അധഃപതിച്ചുകൊണ്ടിരിക്കുന്ന രാജ്യമായി അമേരിക്ക മാറി. എന്നാൽ, ഒറ്റക്കെട്ടായി നമ്മൾ അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി മാറ്റും -ട്രംപ് പറഞ്ഞു.
കോടതിയിൽ ഹാജരാകാനുള്ള നോട്ടീസിൽ കുറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപിന്റെ അഭിഭാഷകൻ ജിം ട്രസ്റ്റി പറഞ്ഞു. ഗൂഢാലോചന, തെറ്റായ പ്രസ്താവന, നീതി നിർവഹണം തടസ്സപ്പെടുത്തൽ, രഹസ്യ രേഖകൾ നിയമവിരുദ്ധമായി കൈവശം വെക്കൽ തുടങ്ങിയവയാണ് ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.
വൈറ്റ് ഹൗസിൽനിന്ന് രേഖകൾ കടത്തിക്കൊണ്ടുപോയോ എന്ന് അന്വേഷിക്കുന്നതിന് കഴിഞ്ഞ ആഗസ്റ്റിൽ ട്രംപിന്റെ മാറ ലാഗോ എസ്റ്റേറ്റ് വസതിയിൽ എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.