റിയോ ഡെ ജനീറോ: പട്ടിണി നേരിടാൻ ആഗോള ധാരണ, യുദ്ധത്തിൽ തകർന്ന ഗസ്സക്ക് കൂടുതൽ സഹായം, പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും സംഘർഷം അവസാനിപ്പിക്കാൻ നടപടി എന്നീ ആഹ്വാനങ്ങളോടെ ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ സംയുക്ത പ്രമേയം.
വാക്ധോരണികൾ ഏറെയുണ്ടെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തമായ പദ്ധതിയില്ലാത്തതാണ് സംയുക്ത പ്രസ്താവനയെന്ന് വിമർശനമുയർന്നു. ഗസ്സയിലെയും യുക്രെയ്നിലെയും ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് വാചാലമാകുന്നുണ്ടെങ്കിലും ഇസ്രായേലിനും റഷ്യക്കുമെതിരെ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
ശതകോടീശ്വരന്മാർക്ക് നികുതി, ഐക്യരാഷ്ട്ര രക്ഷാസമിതി വികസിപ്പിക്കൽ എന്നീ ആവശ്യങ്ങളും ബുധനാഴ്ച അവസാനിക്കുന്ന ജി20 ഉച്ചകോടി ഉന്നയിച്ചു. സ്വയം നിർണയത്തിനുള്ള ഫലസ്തീെന്റ അവകാശം അടിവരയിടുന്ന പ്രമേയം ഇസ്രായേലും ഫലസ്തീനും സമാധാനത്തിൽ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്രായേലിലെ ദുരിതങ്ങളെക്കുറിച്ചോ ഹമാസ് പിടിയിലുള്ള ബന്ദികളെക്കുറിച്ചോ പ്രമേയത്തിൽ പരാമർശമൊന്നുമില്ല. സ്വയം പ്രതിരോധത്തിന് ഇസ്രായേലിന് അവകാശമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിക്കുമ്പോഴും സംയുക്ത പ്രസ്താവനയിൽ ഇസ്രായേലിന് അനുകൂലമായ പരാമർശമില്ലാത്തത് കൗതുകകരമായി.
ലോകത്തിലെ ശതകോടീശ്വരന്മാർക്ക് നികുതി ഏർപ്പെടുത്തണമെന്ന നിർദേശമാണ് പ്രമേയത്തിലെ ശ്രദ്ധേയമായ നീക്കം. ലാറ്റിനമേരിക്കയിലെ 300 പേർ ഉൾപ്പെടെ ലോകത്തിലെ 3,000ത്തോളം പേരെ ഇത്തരമൊരു നികുതി ബാധിക്കുമെന്നാണ് അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.