ജറൂസലം: മാതാവിനും നാലു സഹോദരങ്ങൾക്കുമൊപ്പം അന്തിയുറങ്ങിയതായിരുന്നു ആറു വയസ്സുകാരിയായ സൂസി ഇഷ്കുന്ദാന. സുന്ദരമെന്ന് അവൾ വിശ്വസിച്ച ഉറക്കത്തിനിടെ പുലർച്ചെ ഇസ്രായേൽ ബോംബറുകൾ ഗസ്സയിലെ വീടിനു മുകളിൽ തീ വർഷിച്ചപ്പോൾ നിരപരാധികളായ ഒരു കുടുംബം കെട്ടിടാവശിഷ്ടങ്ങൾക്കടിയിലമർന്ന് ഓർമ മാത്രമായി. എല്ലാവരും മരിച്ചുകാണുമെന്നുറപ്പിച്ച് രക്ഷാപ്രവർത്തകർ തിരഞ്ഞുതിരഞ്ഞ് ഓരോ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനിടെ കേട്ട കരച്ചിലാണ് വഴിത്തിരിവായത്. കരുതലോടെ വെട്ടിപ്പൊളിച്ചെടുത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അവളുണ്ടായിരുന്നു, ജീവനോടെ. ഉടൻ എടുത്ത് ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽശിഫ ആശുപത്രി കിടക്കയിൽ അവളെയെത്തിക്കുേമ്പാൾ തൊട്ടടുത്ത ബെഡിൽ പരിക്കുകളോടു മല്ലിട്ടുകിടക്കുന്നത് പിതാവ് റിയാദ് ഇഷ്കുന്ദാന.
കണ്ടപാടെ മകൾക്ക് മുത്തം നൽകിയ സ്നേഹനിധിയായ റിയാദ് ഇനിയൊരിക്കൽ ജീവനോടെ കാണില്ലെന്നുറപ്പിച്ച പിഞ്ചോമനയെ തിരികെ കിട്ടിയ സന്തോഷത്തിൽ ആദ്യം മാപ്പപേക്ഷിച്ചു. ''നിന്‍റെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. വരാൻ വിളിക്കുന്നത് കേട്ടതാണ്. പക്ഷേ, വഴികളെല്ലാം അടഞ്ഞുപോയിരുന്നു മകളേ''- ആ പിതാവ് പറഞ്ഞു.
ഞായറാഴ്ചയാണ് ഇവരുൾപെടെ കുടുംബങ്ങൾ താമസിച്ച കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബറുകൾ നിരവധി തവണ ബോംബുവർഷിച്ച് കെട്ടിടം നാമാവശേഷമാക്കിയത്. 10 കുഞ്ഞുങ്ങളുൾപെടെ 42 പേർ കൊല്ലപ്പെട്ടു. ഹമാസ് താവളമെന്ന് ആരോപിച്ചായിരുന്നു കെട്ടിടം തകർത്തത്. മരിച്ചുവീണത് പക്ഷേ, നിരപരാധികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.