ഹമാസ് ആക്രമണത്തിൽ മൂന്ന് സൈനികരും അപകടത്തിൽ ഒരു​സൈനികനും കൊല്ല​പ്പെട്ടതായി ഇസ്രായേൽ

​തെൽഅവീവ്: ഇന്നലെ തെക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഇസ്രായേലിൽ സൈനിക വാഹനം അപകടത്തിൽപെട്ട് മറ്റൊരു ​സൈനികനും ​കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.

കിർയാതി ബ്രിഗേഡിന്റെ 8111-ാം ബറ്റാലിയനിലെ രണ്ട് റിസർവ് ഭടൻമാർ ഉൾപ്പെടെ നാല് സൈനികരുടെ മരണമാണ് ഐഡിഎഫ് സ്ഥിരീകരിച്ചത്. വെസ്റ്റ് ബാങ്കിൽ കുടിയേറി താമസിക്കുന്ന 55ാം പാരാട്രൂപ്പർ ബ്രിഗേഡിലെ മേജർ സർജൻറ് (റിസ.) ഗിഡിയൻ ഇലാനി (35), കിർയാതി ബ്രിഗേഡ് 8111ാം ബറ്റാലിയനിലെ മേജർ സർജൻറ് (റിസ) എറ്റേ പെറി (36), കിർയാതി ബ്രിഗേഡ് 8111ാം ബറ്റാലിയനിലെ മേജർ (റിസ) എവിയാറ്റർ കോഹൻ (42) എന്നിവരെയാണ് ഹമാസ് കൊലപ്പെടുത്തിയത്.

നോർത്തേൺ കമാൻഡിന്റെ 36-ാം ഡിവിഷൻ മേജർ ഗാൽ ബെച്ചർ (34) ആണ് തെക്കൻ ഇസ്രായേലിൽ സൈനിക വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചത്. ഇതോടെ ഒക്‌ടോബർ അവസാനം ഗസ്സയിൽ ആരംഭിച്ച ഇസ്രായേൽ കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 102 ആയതായി ഇസ്രായേൽ അറിയിച്ചു.

ഒക്‌ടോബർ 7ന് ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ 5,000ലേറെ സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിൽ 2,000ലേറെ പേർ പൂർണ വികലാംഗരായതായും പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രായേലിലെ ആശുപത്രികളിൽ അയ്യായിരത്തിലധികം പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ചതായും ഇവരിൽ രണ്ടായിരത്തിലധികം പേരെ വികലാംഗരായി പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായും പ്രതിരോധ മന്ത്രാലയം പുനരധിവാസ വകുപ്പ് മേധാവിയും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ലിമോർ ലൂറിയ പറഞ്ഞു.

‘ഇതുപോലൊരു അനുഭവം മുമ്പൊരിക്കലും ഞങ്ങൾക്കുണ്ടായിട്ടില്ല. മുറിവേറ്റവരിൽ 58% ത്തിലധികം പേർക്കും കൈകാലുകൾക്ക് ഗുരുതര പരിക്കുണ്ട്. പലരുടെയും കൈകാലുകൾ ഛേദിക്കപ്പെട്ടു. ഏകദേശം 12 ശതമാനം പേർക്കും പ്ലീഹ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഏകദേശം 7 ശതമാന​ം പേർ മാനസിക ക്ലേശം അനുഭവിക്കുന്നു. ഇത്തരക്കാരു​ടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്’ -ലിമോർ ലൂറിയ വ്യക്തമാക്കി.

Tags:    
News Summary - IDF announces deaths of 4 soldiers, ground op death toll climbs to 102

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.