പാരിസ്: പ്രതിരോധ സാങ്കേതികവിദ്യ രംഗത്തെ ഇന്ത്യൻ സ്വയംപര്യാപ്ത സംരംഭങ്ങൾക്ക് ഫ്രഞ്ച് കമ്പനികളിൽനിന്ന് കൂടുതൽ സഹകരണം ഉറപ്പാക്കാൻ ധാരണ. സൈനിക സാങ്കേതികവിദ്യ, ഉൽപാദനം, കയറ്റുമതി തുടങ്ങിയ രംഗങ്ങളിലുള്ള 'ആത്മനിർഭർ ഭാരത്' ഉദ്യമങ്ങൾക്കാണ് ഫ്രഞ്ച് സഹായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തുടരുന്ന പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കുമെന്നും വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇരുനേതാക്കളും സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ഉടനടി നയതന്ത്ര പരിഹാരം കാണണം. യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവുമൊക്ക മാനിക്കപ്പെടണം. കോവിഡിന്റെയും യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ആഗോളതലത്തിൽ നേരിടുന്ന ഭക്ഷ്യസുരക്ഷ പ്രശ്നങ്ങളിൽ ഇരുരാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരുനേതാക്കളും ആരാഞ്ഞു. കോവിഡ് മഹാമാരി സൃഷ്ടിച്ച തടസ്സങ്ങൾക്കിടയിലും റഫാൽ യുദ്ധ വിമാനങ്ങൾ സമയബന്ധിതമായി കൈമാറാൻ സാധിച്ചിട്ടുണ്ട്. ഫ്രഞ്ച്സഹായത്തിൽ മഹാരാഷ്ട്രയിലെ ജയ്താപൂരിൽ സ്ഥാപിക്കുന്ന ഊർജ പ്ലാന്റിന്റെ പുരോഗതിയിൽ ഇരുരാഷ്ട്രങ്ങളും തൃപ്തി രേഖപ്പെടുത്തി. സൈബർ സുരക്ഷ രംഗത്തെ സഹകരണവും വർധിപ്പിക്കും. ഇതിന്റെ ഭാഗമായി സി-ഡാക്കും ഫ്രഞ്ച് ഐ.ടി സ്ഥാപനമായ എറ്റോസും സംയുക്തമായി ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമിക്കും. യു.എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനും ന്യൂക്ലിയർ സപ്ലൈയർ ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഫ്രാൻസ് പിന്തുണക്കും.
കാലാവസ്ഥവ്യതിയാനത്തിന്റെ വെല്ലുവിളികളെ ഒന്നിച്ചുനേരിടും. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകൾ ഇതിനായി സംയുക്തമായി വികസിപ്പിക്കും. ദേശീയ ഹൈഡ്രജൻ മിഷനു കീഴിൽ സ്ഥാപിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഹബിലേക്ക് സഹകരിക്കാൻ ഫ്രാൻസിനെ ഇന്ത്യ ക്ഷണിച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിനായി യൂറോപ്പിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വൈകി പാരിസിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.