ദുബൈ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയിൽ പുതിയ സാംസ്കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്.
യു.എ.ഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കല, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം, സർഗാത്മകത തുടങ്ങിയ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ-യു.എ.ഇ കൾച്ചറൽ കൗൺസിലിന് രൂപംനൽകാനും യോഗം തീരുമാനിച്ചു. സാംസ്കാരിക കെട്ടിടം എവിടെ, എപ്പോൾ നിർമിക്കും എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ന്യൂഡൽഹി വേദിയാകുന്ന റൈസിന ഡയലോഗിന് വേണ്ടിയാണ് മന്ത്രി നൂറ ഇന്ത്യയിലെത്തിയത്. ഡെസ്റ്റിനി ഓർ ഡെസ്റ്റിനേഷൻ- കൾച്ചർ, കണക്ടിവിറ്റി, ടൂറിസം എന്ന വിഷയത്തിൽ നൂറ സംസാരിച്ചു.
യു.എ.ഇയുടെ സാമൂഹിക-സാമ്പത്തിക മേഖലയിൽ ഇന്ത്യൻ സമൂഹം വഹിച്ച പങ്കിനെ അവർ സംവാദത്തിൽ എടുത്തു പറഞ്ഞു. സംസ്കാരിക മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ നഖി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുന്നാസർ അൽ ഷാലി തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.