നിജ്ജാറെ കൊന്ന നിങ്ങൾ പന്നൂണിനെ വധിക്കാനും ആസൂത്രണം നടത്തി; യു.എസിൽ ഇന്ത്യൻ അംബാസഡറെ തടഞ്ഞ് ഖലിസ്ഥാൻ വാദികൾ

വാഷിങ്ടൺ: ന്യൂയോർക്കിലെ ഗുരുദ്വാര സന്ദർശിക്കവെ, യു.എസിലെ ഇന്ത്യൻ അംബാസഡർ തരഞ്ജിത്ത് സിങ് സന്ധുവിനെ ഖലിസ്ഥാൻ വാദികൾ തടഞ്ഞുവെച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി വക്താവ് ആർ.പി. സിങ് ആണ് വിഡിയോ പങ്കുവെച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിലും ഗുർപത്‍വന്ത് സിങ് പന്നൂണിനെതിരായ നടപടിയിലും പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ അംബാസഡറെ തടഞ്ഞത്.

നിജ്ജാറുടെ കൊലപാതകത്തിന് ഉത്തരവാദി നിങ്ങളാണെന്നും പന്നൂണിനെ വധിക്കാൻ നിങ്ങൾ ആസൂത്രണം നടത്തിയെന്നും ആൾക്കൂട്ടം ആക്രോശിക്കുന്നത് വിഡിയോയിൽ കേൾക്കാം.

ഞായറാഴ്ച ലോങ് ഐലൻഡിലെ ഹിഖ്സ്‍വിൽ ഗുരുദ്വാരയിൽ പ്രാർഥനക്ക് എത്തിയതായിരുന്നു സന്ധു. ഗുരുദ്വാരക്കു സമീപം വലിയ പ്രതിഷേധമായിരുന്നു നടന്നത്. അംബാസഡറെ തടഞ്ഞുവെച്ചതിൽ ബി.ജെ.പി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

സന്ധുവിന് നേരെയുണ്ടായതുപോലെയുള്ള പ്രതിഷേധം യു.കെയിൽ ഇന്ത്യൻ ഹൈകമ്മീഷണർ വിക്രം ദൊരൈസ്വാമിയും നേരിട്ടിരുന്നു. അന്ന് ഒരു സംഘം ഖലിസ്ഥാൻ വാദികൾ അദ്ദേഹത്തെ ഗുരുദ്വാരയിലേക്ക് കടത്തിവിടാതെ തടയുകയായിരുന്നു. നയതന്ത്രപ്രതിനിധികൾക്കു നേരെ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങളിൽ വിദേശകാര്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Tags:    
News Summary - Indian envoy heckled by Khalistani supporters in New York gurdwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.