ന്യൂഡൽഹി: മറക്കാനാവാത്ത ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച പുലിറ്റ്സർ പുരസ്കാര ജേതാവായ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖി (40) അഫ്ഗാനിസ്താനിലെ കാന്തഹാറിൽ കൊല്ലപ്പെട്ടു. യു.എസ് സൈന്യത്തിെൻറ പിന്മാറ്റത്തെത്തുടർന്ന് അഫ്ഗാനിൽ സുരക്ഷ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ വ്യാഴാഴ്ച രാത്രി താലിബാൻ നടത്തിയ ആക്രമണത്തിലാണ് ദാനിഷ് കൊല്ലപ്പെട്ടത്.
താലിബാൻ പിടിച്ച കാന്തഹാറിലെ സ്പിൻ ബോൾഡാക് പ്രദേശത്തിെൻറ നിയന്ത്രണം തിരിച്ചുപിടിക്കാനായി അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിന് താലിബാൻ തിരിച്ചടിച്ചപ്പോഴാണ് മുതിർന്ന അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥനും ദാനിഷും കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൈക്ക് പരിക്കേറ്റ ദാനിഷ് അത് ഭേദമായശേഷം റിപ്പോർട്ടിങ്ങിന് എത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിെൻറ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച ദാനിഷ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞിരുന്നു.
റോയിട്ടേഴ്സിെൻറ മൾട്ടിമീഡിയ ടീം ഇന്ത്യൻ തലവനായിരുന്നു. ചാനൽ റിപ്പോർട്ടറായാണ് കരിയർ തുടങ്ങിയത്. പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയും 2010ൽ റോയിട്ടേഴ്സിൽ ചേരുകയും ചെയ്തു. റോഹിങ്ക്യൻ അഭയാർഥികളുടെ നരകയാതനകള്‍ ലോകത്തിനു കാണിച്ച ചിത്രങ്ങൾക്കാണ് 2018ൽ സിദ്ദീഖിക്ക് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്.
കോവിഡ് രണ്ടാം തരംഗം വിതച്ച മരണത്തിെൻറ വ്യാപ്തി എണ്ണമറ്റ ചിതകളുടെ ചിത്രങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന ദാനിഷ്, ഡല്‍ഹി പൊലീസ് നോക്കിനിൽക്കെ പൗരത്വ സമരക്കാരായ ജാമിഅ വിദ്യാര്‍ഥികൾക്ക് നേരെ രാം ഭക്തഗോപാൽ എന്ന ഹിന്ദുത്വ തീവ്രവാദി നിറയൊഴിക്കുന്ന ദൃശ്യവും ഒപ്പിയെടുത്തിരുന്നു. ലോക്ഡൗൺ കാലത്തെ തൊഴിലാളികളുടെ പലായനത്തിെൻറ ചിത്രവും ഡല്‍ഹി വംശീയാക്രമണത്തിൽ നിലത്ത് വീണ് കിടക്കുന്നയാളെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്ന ചിത്രവും പിറന്നത് ദാനിഷിെൻറ കാമറയിൽ തന്നെ. ഡൽഹി വംശീയാക്രമണത്തിെൻറ ഭീകരത ദൃശ്യമാക്കുന്ന ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.