ന്യൂഡൽഹി: യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്നിൽ നിന്ന് വളർത്തുനായയെ കൂടാതെ രക്ഷപ്പെടാൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർഥി. റിഷഭ് കൗശിക് എന്ന മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് തന്‍റെ വളർത്തുനായയെ രക്ഷപ്പെടുത്താൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. ഖാർകീവിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ റേഡിയോ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ് റിഷഭ്.
വളർത്തുനായയെ ഒപ്പം കൂട്ടാനാവശ്യമായ രേഖകൾ ഇല്ലാത്തതാണ് റിഷഭ് നേരിടുന്ന പ്രധാന പ്രശ്നം. ആവശ്യമായ രേഖകൾക്കായി ഇന്ത്യൻ സർക്കാറിന്‍റെ അനിമൽ ക്വാറന്‍റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തന്‍റെ ബുദ്ധിമുട്ടുകൽ വിവരിച്ചുകൊണ്ട് റിഷഭ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
എല്ലാവരും തന്നോട് എയർടിക്കറ്റെവിടെ എന്നാണ് ചോദിക്കുന്നത്. പ്രശ്നം വിശദീകരിച്ചുകൊണ്ട് ഡൽഹി ഇന്ദിരാഗാന്ധി വിമാന താവള അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തനിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും സഹായിക്കാൻ ശ്രമിച്ചില്ലെന്നും റിഷഭ് വിഡിയോയിൽ വ്യക്തമാക്കി.
കിയവിലെ ഭൂഗർഭ ബങ്കറിലാണ് 'മലിബു' എന്ന നായയോടൊപ്പം റിഷഭ് കഴിയുന്നത്. ഇതിനിടെ ഭൂഗർഭ ബങ്കറിൽ നിന്ന് നായക്ക് ചൂടേൽക്കാനായി പുറത്തേക്ക് വരുന്നുമുണ്ട് റിഷഭ്. സൈറണുകളുടേയും വെടിയൊച്ചകളുടേയും ബോംബുകളുടേയും ശബ്ദത്താൽ നായ പരിഭാന്തനാണെന്നും എല്ലായ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും റിഷഭ് വിഡിയോയയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.