യുക്രെയ്ൻ വിടണമെന്ന് പൗരൻമാരോട് ഇന്ത്യൻ എംബസി; ഉള്ളത് 25000 ഇന്ത്യക്കാർ

യുക്രെയ്നെ ഏത് നിമിഷവും റഷ്യ അക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം മടങ്ങണമെന്ന് കൈവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്നിൽ 25000 ലധികം ഇന്ത്യക്കാരാണുള്ളത്. വിദ്യാർഥികൾ എത്രയും വേഗം മടങ്ങണമെന്നും എംബസി അറിയിച്ചു. യുക്രെയ്നിൽ എവിടെയാണുള്ളതെന്ന് അറിയിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.

അതിനിടെ, റഷ്യക്ക് പിന്തുണ നൽകുന്ന ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ്. പെന്റഗൺ വക്താവ് ജോൺ കിർബിയാണ് ​ചൈനക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. റഷ്യക്ക് ചൈന നൽകുന്ന പിന്തുണ യൂറോപ്പിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതാണെന്ന് കിർബി പറഞ്ഞു. അതേസമയം, യുക്രെയ്ൻ ആക്രമിക്കണമോ എന്ന കാര്യത്തിൽ റഷ്യൻ നേതാവ് വ്ലാഡിമിർ പുടിൻ അന്തിമ തീരുമാനമെടുത്തതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. പ്രതിസന്ധി ചർച്ച ചെയ്യാൻ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ചൊവ്വാഴ്ച യൂറോപ്പിലേക്ക് പോകാൻ പദ്ധതിയിടുന്നതായി പെന്റഗൺ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്ത് ഓസ്റ്റിൻ യോഗങ്ങൾ നടത്തുകയും പോളണ്ട് സന്ദർശിക്കുകയും ചെയ്യും. അവിടെ 3,000 സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യ അന്തിമ തീരുമാനം എടുത്തതായി വിശ്വസിക്കുന്നില്ലെന്നും സൈനിക നടപടി ഏതു ദിവസവും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്ൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രെയ്ൻ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എൻ.ബി.സി ന്യൂസ് പറയുന്നു.

'ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്' യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത് ഇത്ര മാത്രമാണ്. യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 12 രാജ്യങ്ങള്‍ യുക്രെയ്നിൽനിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. 

Tags:    
News Summary - India's Travel Advisory For Citizens, Students In Ukraine Amid Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.