ബൈറൂത്: അധിനിവേശ ഇസ്രായേലിലെ മജ്ദൽഷംസിൽ 12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ ദുരൂഹതയുണ്ടെന്നും ഇസ്രായേൽ തന്നെ നടത്തിയതാണോ എന്ന് സംശയമുണ്ടെന്നും ലബനാൻ. സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് ആവശ്യപ്പെട്ടു. ഇസ്രായേൽ, ലബനൻ സൈനിക പ്രതിനിധികൾ ഉൾപ്പെടുന്ന ത്രികക്ഷി സംഘം ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം മറ്റാരെങ്കിലും നടത്തിയതാണോ ഇസ്രായേൽ അബദ്ധത്തിൽ ചെയ്തതാണോ ഹിസ്ബുല്ലയുടെ കൈപ്പിഴയാണോ എന്ന് സംശയമുണ്ടെന്ന് അബ്ദുല്ല ബൗ ഹബീബ് പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് ദ്രൂസ് മതവിഭാഗം താമസിക്കുന്ന മജ്ദൽ ഷംസിൽ 12 കുട്ടികളുടെ മരണത്തിനിടയാക്കിയ റോക്കറ്റ് ആക്രമണം നടന്നത്. ലബനാനിലെ ഹിസ്ബുല്ലയാണ് ഇതിന് പിന്നിൽ എന്നായിരുന്നു ഇസ്രായേൽ ആരോപണം. എന്നാൽ, ഹിസ്ബുല്ല ഇത് നിഷേധിച്ചിരുന്നു. മുമ്പ് പകൽ സമയത്ത് ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ പലതവണ ആക്രമണങ്ങൾ നടത്തിയ ഹിസ്ബുല്ല, മജ്ദൽ ഷംസ് ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്താമക്കിയിരുന്നു. ഇസ്രായേലി സൈനിക ആസ്ഥാനങ്ങൾ മാത്രമാണ് ഹിസ്ബുല്ല ലക്ഷ്യമിടുന്നതെന്നും മജ്ദൽഷാംസിലെ സാധാരണക്കാർക്ക് നേരെ മനഃപൂർവം ആക്രമണം നടത്താനുള്ള സാധ്യതയില്ലെന്നും അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു.
അറബി സംസാരിക്കുന്ന ദ്രൂസ് മത വിഭാഗത്തിലെ 25,000 അംഗങ്ങൾ താമസിക്കുന്ന ഗോലാൻ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് മജ്ദൽ ഷംസ്. 1967ൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്തതാണ് ഗൊലാൻ കുന്നുകൾ. അതിനിടെ, മരിച്ചവരുടെ കുടുംബങ്ങളുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും കുടുംബം നിരസിച്ചു. നെതന്യാഹുവിനെ കാണാൻ താൽപര്യമില്ലെന്ന് ബന്ധുക്കൾ പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ലെബനൻ ആസ്ഥാനമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നും തെക്കൻ ലബനാനിലെ ചെബാ ഗ്രാമത്തിന്റെ വടക്ക് ഭാഗത്തുനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു. തിരിച്ചടിയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനിലും തെക്കൻ ലബനാനിലും ആക്രമണം നടത്തിയതായി ഞായറാഴ്ച പുലർച്ച ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിന് ഹിസ്ബുല്ല ശക്തമായ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഹിസ്ബുല്ല എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചിരിക്കുകയാണെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. രാജ്യം യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുല്ലയുടെ മുഖ്യ വക്താവ് മുഹമ്മദ് ഹഫിഫ് വ്യക്തമായി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.