കിയവ്: റഷ്യ ഏതു സമയത്തും യുക്രെയ്നിൽ ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക ശക്തിപ്പെടുന്നു. യുക്രെയ്ൻ അതിർത്തി രാജ്യമായ ബെലറൂസിൽ കഴിഞ്ഞ പത്തു ദിവസം സൈനികാഭ്യാസം നടത്തിയ റഷ്യൻ സൈന്യം പിരിഞ്ഞുപോകാതെ അവിടെ തുടരുന്നതാണ് ആക്രമണം ആസന്നമെന്നതിന് ബലമേകുന്നത്.
റഷ്യൻ സൈനിക ജനറൽമാർ യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവ് നൽകിക്കഴിഞ്ഞതായി യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കയിലെ സി.ബി.എസ്, എൻ.ബി.സി ചാനലുകൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അദ്ദേഹത്തിന്റെ പദ്ധതിക്ക് തുടക്കമിട്ട് കഴിഞ്ഞതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, പുടിനുമായി യുക്രെയ്ൻ പ്രതിസന്ധി ചർച്ചചെയ്യാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തത്ത്വത്തിൽ ധാരണയിലെത്തിയെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു. റഷ്യ യുക്രെയ്നിനെ ആക്രമിക്കാതിരുന്നാൽ മാത്രം കൂടിക്കാഴ്ച എന്ന ഉപാധിയിലാണ് ബൈഡന്റെ സമ്മതമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് അവസാനവട്ട ചർച്ചകൾക്ക് മുൻകൈയെടുത്തത്.
പുടിൻ മാക്രോണുമായി 105 മിനിറ്റ് ഫോൺ സംഭാഷണം നടത്തിയിരുന്നു. അതേസമയം, ബൈഡനും പുടിനും കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത റഷ്യ നിഷേധിച്ചു. ഇത് ഉറപ്പില്ലാത്ത കാര്യമാണെന്നും ചർച്ചയുടെ വിഷയങ്ങളിൽ വ്യക്തതയില്ലെന്നും റഷ്യ അറിയിച്ചു. യുദ്ധഭീതിയുടെ സാഹചര്യത്തിൽ യുക്രെയ്നിലേക്കുള്ള എയർ ഫ്രാൻസ്, ലുഫ്താൻസ വിമാനങ്ങൾ റദ്ദാക്കി. യുക്രെയ്നിൽ വധിക്കേണ്ടവരുടെയും അധിനിവേശത്തിനുശേഷം തടവറകളിലയക്കേണ്ടവരുടേയും പട്ടിക റഷ്യ തയാറാക്കിയിട്ടുണ്ടെന്ന യു.എസ് ആരോപണം റഷ്യ നിഷേധിച്ചു.
സാമ്പത്തിക ഉപരോധം റഷ്യയെ ഗുരുതരമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ, യുക്രെയ്ൻ അധിനിവേശത്തിൽനിന്ന് പുടിനെ പിന്തിരിപ്പിക്കാൻ ഇതൊന്നും പോരെന്നും അദ്ദേഹം ബി.ബി.സിയോട് പ്രതികരിച്ചു. ശീതയുദ്ധാനന്തരമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് ബെലറൂസ് അതിർത്തിയിലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് പറഞ്ഞു.
യുദ്ധ സജ്ജരായ 30,000 സൈനികർ, സ്പെറ്റ്നാസ് എന്നറിയപ്പെടുന്ന റഷ്യയുടെ പ്രത്യേക ദൗത്യ സേനകൾ, എസ്യു-35 പോർവിമാനങ്ങൾ, എസ്-400 മിസൈൽ പ്രതിരോധ സംവിധാനം എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. ഇതു കൂടാതെ, പല ഭാഗങ്ങളിലായി ഒന്നര ലക്ഷം സൈനികരേയും റഷ്യ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.