പാകിസ്താനിൽ വീണ്ടും അസ്ഥിരത

ഇസ്‍ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട തെരഞ്ഞെടുപ്പ് ഫലം പാകിസ്താന് നൽകിയത് കനത്ത വെല്ലുവിളി. ആഭ്യന്തര സംഘർഷവും രാഷ്ട്രീയ അസ്ഥിരതയും ശാപമായ രാജ്യം ഇപ്പോൾ ഇതിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി അഭിമുഖീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പോടെയെങ്കിലും സ്ഥിരതയുള്ള സർക്കാർ വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. തെരഞ്ഞെടുപ്പ് സുതാര്യമല്ലെങ്കിൽ രാജ്യത്ത് അസ്ഥിരതയും അരാജകത്വവും ഉണ്ടാകുമെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാൻ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾക്ക് 170 സീറ്റ് ലഭിച്ചിട്ടുണ്ടെന്നും ഫലം അട്ടിമറിക്കുകയായിരുന്നുവെന്നും പി.ടി.ഐ ആരോപിച്ചിട്ടുണ്ട്.

ഞായറാഴ്ച നിലപാട് വ്യക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്ൾസ് പാർട്ടി എന്നിവ സഖ്യത്തിന് ശ്രമിക്കുന്നുവെങ്കിലും ഇവർ ചേർന്നാലും കേവല ഭൂരിപക്ഷം ആകില്ല.പി.ടി.ഐക്കൊപ്പമുള്ള സ്വതന്ത്രരെ അടർത്താൻ നവാസ് ശരീഫ് നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്.

2022 ഏപ്രിലിൽ ഇംറാൻ ഖാൻ സർക്കാറിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് നവാസ് ശരീഫിന്റെ സഹോദരൻ ശഹബാസ് ശരീഫ് പാക് പ്രധാനമന്ത്രിയായത്. നാലുവർഷത്തെ പ്രവാസജീവിതത്തിനുശേഷം ഒക്ടോബറിൽ നവാസ് ശരീഫ് തിരിച്ചെത്തിയത് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ്. സൈന്യത്തിന്റെ പിന്തുണയോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ആഗസ്റ്റിൽ പാർലമെന്റ് പിരിച്ചുവിട്ടശേഷം അൻവാറുൽ ഹഖ് കാകർ പ്രധാനമന്ത്രിയായ കാവൽ മന്ത്രിസഭയാണ് നിലവിൽ രാജ്യം ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽതന്നെ വ്യാപക അക്രമം നടന്ന രാജ്യത്ത് ഇനിയുള്ള ദിനങ്ങളും ശാന്തമാകില്ലെന്ന് ഉറപ്പ്. അതിനിടെ നാഷനൽ ഡെമോക്രാറ്റിക് മൂവ്മെന്റ് മേധാവി മുഹ്സിൻ ദവാറിന് ശനിയാഴ്ച വൈകീട്ട് വടക്കൻ വസീറിസ്ഥാനിൽ വെടിയേറ്റു.

Tags:    
News Summary - Instability again in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.