ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാനൊപ്പം തെഹ്റാനിൽ

ഇസ്മാഈൽ ഹനിയ്യ വധം: ഇറാൻ സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേർ കസ്റ്റഡിയിലെന്ന്

തെഹ്റാൻ: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഇറാൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ ഹനിയ്യ കൊല്ലപ്പെട്ട തെഹ്‌റാൻ ഗെസ്റ്റ് ഹൗസിലെ ജീവനക്കാരെയും അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിലെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐ.ആർ.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഗെസ്റ്റ് ഹൗസ്. കൊലപാതകം നടന്ന ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടേക്ക് ഇരച്ചെത്തുകയും എല്ലാ ജീവനക്കാരെയും പിടികൂടുകയും ചെയ്തിരുന്നു. ഇതി​ൽ ചിലരെ അറസ്റ്റ് ചെയ്യുകയും ഫോണുകൾ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലി ചാരസംഘടനയുടെ ഏജന്റുമാരെന്ന് കരുതുന്നവർക്കായി വിമാനത്താവളങ്ങളിലടക്കം കടുത്ത നിരീക്ഷണമാണ് ഇറാൻ നടത്തുന്നത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദ്, ഇറാനിയൻ സുരക്ഷാ ഏജന്റുമാരെ വിലക്കെടുത്താണ് ഹനിയ്യയെ വധിച്ചതെന്ന് ‘ദി ടെലിഗ്രാഫ്’ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നതരുടെ സംരക്ഷണച്ചുമതലയുള്ള ഇറാൻ സുരക്ഷ സേനയിലെ അൻസാർ-അൽ-മഹ്ദി പ്രൊട്ടക്ഷൻ യൂനിറ്റിലെ ഏജന്റുമാരെയാണ് മൊസാദ് നിയോഗിച്ചതെന്നാണ് റിപ്പോർട്ട്. മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഹനിയ്യ തെഹ്‌റാൻ സന്ദർശിക്കുമ്പോൾ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ജനക്കൂട്ടം കാരണം അന്നത്തെ ഓപറേഷൻ ഉപേക്ഷിക്കുകയായിരുന്നുവത്രെ.

തുടർന്ന് മൊസാദിന്റെ നേതൃത്വത്തിൽ വടക്കൻ തെഹ്‌റാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കുകയായിരുന്നു. ഹനിയ്യ അവിടെ താമസിക്കാൻ സാധ്യതയുള്ളതിനാലാണ് തന്ത്രപരമായി ഈ സ്ഥലം തിരഞ്ഞെടുത്തത്. ബുധനാഴ്ച പുലർച്ചെയാണ് ഹനിയ്യ ഇവിടെ വെച്ച് കൊല്ലപ്പെട്ടത്. 

Tags:    
News Summary - Iran rounds up dozens in hunt for Haniyeh’s assassins: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.