യുനൈറ്റഡ് നാഷൻസ്: ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന യു.എന്നിന്റെ കമീഷനിൽനിന്ന് ഇറാനെ പുറത്താക്കി. ഐക്യരാഷ്ട്രസഭ സാമ്പത്തിക സാമൂഹിക കൗൺസിൽ അംഗത്വത്തിൽനിന്ന് ഇറാനെ പുറത്താക്കാൻ യു.എസ് അവതരിപ്പിച്ച കരട് പ്രമേയത്തെ 29 രാജ്യങ്ങൾ അനുകൂലിച്ചു. എട്ടുപേർ എതിർത്തു. 54 അംഗ കൗൺസിലിൽ ഇന്ത്യയടക്കം 16 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ബൊളീവിയ, ചൈന, കസാഖ്സ്താൻ, നിക്കരാഗ്വ, നൈജീരിയ, ഒമാൻ, റഷ്യ, സിംബാബ്വെ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മൊറീഷ്യസ്, മെക്സിക്കോ, തായ്ലൻഡ് എന്നിവയാണ് വിട്ടുനിന്ന മറ്റ് രാജ്യങ്ങൾ.
ഇറാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സ്ത്രീകളുടേയും പെൺകുട്ടികളുടേയും മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമായ നയങ്ങൾ നടപ്പാക്കി, പലപ്പോഴും അമിതമായ ബലപ്രയോഗത്തിലൂടെ, അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളെ ഇറാൻ തുടർച്ചയായി തുരങ്കംവെക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതായി പ്രമേയത്തിൽ പറയുന്നു.
തീരുമാനത്തെ 'ചരിത്രപരം' എന്ന് യു.എസ് വിശേഷിപ്പിച്ചപ്പോൾ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇറാൻ ആരോപിച്ചു. ഇറാന്റെ അംഗത്വം കമീഷന്റെ വിശ്വാസ്യതക്ക് കളങ്കമാണെന്ന് വോട്ടെടുപ്പിന് മുന്നോടിയായി സംസാരിച്ച യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു. കമീഷനിൽനിന്ന് ഇറാനെ നീക്കാൻ യു.എസ് മനുഷ്യാവകാശങ്ങളുടെ മറവിൽ ഇറാൻ ജനതയോടുള്ള ദീർഘകാല ശത്രുത ഉപയോഗിക്കുകയാണെന്ന് ഇറാന്റെ യു.എൻ അംബാസഡർ അമീർ സഈദ് ഇരവാനി ബുധനാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ് ആരോപിച്ചു. മതകാര്യ പൊലീസ് കസ്റ്റഡിയിൽ 22കാരിയായ കുർദ് യുവതി മഹ്സ അമിനി മരിച്ചതിനെതിരായ പ്രതിഷേധം ഇറാൻ അടിച്ചമർത്തിയതാണ് യു.എസ് നേതൃത്വത്തിൽ പ്രമേയം കൊണ്ടുവരാൻ കാരണം.
1946ൽ സ്ഥാപിതമായതാണ് ഇക്കോസോക്ക് എന്നറിയപ്പെടുന്ന കമീഷൻ. ലോകത്തെ എല്ലായിടങ്ങളിൽനിന്നുമുള്ള 45 അംഗങ്ങളെ നാല് വർഷത്തേക്ക് തെരഞ്ഞെടുക്കുന്നു. 43 വോട്ടുകൾക്കാണ് ഇറാൻ തെരഞ്ഞെടുക്കപ്പെട്ടത്. 2026ലാണ് ഇറാന്റെ കാലാവധി അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.