ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 64 പേർ

ഗസ്സ സിറ്റി: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വകവെക്കാതെ ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെടുകയും 105 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനം ദുഷ്‍കരമായതിനാൽ അവശിഷ്ടങ്ങൾക്കിടയിലും നിരത്തുകളിലും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. വീടുകൾക്കുനേരെ നിരന്തരം ബോംബുവർഷം തുടരുന്നതിനാൽ പരിക്കേറ്റ പലരും തെരുവുകളിൽ ചോരവാർന്ന് മരിക്കുകയാണെന്നും അവരെ ആശുപത്രിയിലാക്കാനാകുന്നില്ലെന്നും ദെയ്ർ അൽബലഹിലെ മാധ്യമപ്രവർത്തകൻ ഹാനി മുഹമ്മദിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർ​ട്ട് ചെയ്തു.

ഇസ്രായേൽ ക്രൂരത അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടിരുന്നു. ലോകരാജ്യങ്ങൾ ഇതിന് പിന്തുണയുമായി രംഗത്തുവന്നപ്പോൾ കടുത്ത എതിർപ്പുമായി യു.എസ് ഇസ്രായേൽ ക്രൂരതക്ക് അംഗീകാരം നൽകുകയായിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. 90,000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനിടെ, യമനിലെ ഹുദൈദ തുറമുഖത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറുപേർ ​കൊല്ലപ്പെടുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നുപേരെ കാണാതായി. ഹൂതി കേന്ദ്രങ്ങൾക്കുമേലെന്ന പേരിൽ നടത്തിയ ബോംബിങ്ങിൽ കൊല്ലപ്പെട്ടത് സിവിലിയന്മാരാണ്. ഇവിടെ എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നു. അതിനിടെ, ഹൂതികൾ ഇസ്രായേലിലെ ഈലാത് തുറമുഖം ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണം തകർത്തതായി ഇസ്രായേൽ സേന അവകാശപ്പെട്ടു.

തെക്കൻ ലബനാനിലെ ഹുലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല അംഗം കൊല്ലപ്പെട്ടു. ലബനാനിൽ ഇതോടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 516 ആയി.

Tags:    
News Summary - Israel attacked in Gaza: 64 people killed in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.