ഗ്രേറ്റ തുൻബെർഗിനെതിരെ കലിപ്പുമായി ഇസ്രായേൽ: ‘വിദ്യാർഥികൾക്ക് അവൾ ഇനി മാതൃകയല്ല’

തെൽഅവീവ്: ഫലസ്തീനിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതി​രെ പ്രതികരിച്ച അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെതിരെ പരസ്യപ്രതിഷേധവുമായി ഇസ്രായേൽ. ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗ്രെറ്റ ട്വിറ്ററിൽ പോസ്റ്റിട്ടതിനാണ് ഇസ്രായേൽ അവർക്കെതിരെ രംഗത്തുവന്നത്. ഗ്രേറ്റ തുൻബെർഗിനെതിരെ ഇസ്രായേൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റിടുകയും ചെയ്തു.

'ഇന്ന് ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തലിന് ലോകം ഉറക്കെ ആവശ്യപ്പെടണം, ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട എല്ലാവരുടെയും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ലോകം സംസാരിക്കണം' എന്നായിരുന്നു ഗ്രേറ്റയുടെ പോസ്റ്റ്. സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്ന ചിത്രവും ഗ്രേറ്റ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. FreePalestine, IStandWithPalestine, StandWithGaza തുടങ്ങിയ ഹാഷ്ടാഗുകളോ​ടെയായിരുന്നു പോസ്റ്റ്.

ഇതിനുപിന്നാലെയാണ്, സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കംചെയ്യാൻ ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഗസ്സയ്ക്ക് പിന്തുണ അറിയിച്ചതോടെ മാതൃകാ വ്യക്തിത്വമാകാനുള്ള അർഹത നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഗ്രേറ്റയെന്നും ഇസ്രായേൽ ആരോപിച്ചു. 'കുട്ടികൾ ഉൾപ്പെടെ 1,400 നിരപരാധികളായ ഇസ്രായേലികളുടെ കൊലയ്ക്ക് ഉത്തരവാദികളായ ഭീകരസംഘടനയാണ് ഹമാസ്. ഈ നിലപാട് വിദ്യാഭ്യാസ-ധാർമിക മാതൃകാ വനിതയാകാനുള്ള അവരുടെ അർഹതയാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഇസ്രായേലി വിദ്യാർത്ഥികൾക്ക് അവളിനി പ്രചോദക വ്യക്തിത്വമാകില്ല.''-നടപടി വിശദീകരിച്ചുകൊണ്ട് ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

എക്‌സിലൂടെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ഗ്രേറ്റയെ വിമർശിച്ചു. നിരപരാധികളായ ഇസ്രായേലികളെ കശാപ്പുചെയ്ത ഹമാസ് റോക്കറ്റുകൾ സുസ്ഥിരമായ സാധനങ്ങൾ ഉപയോഗിച്ച് നിർമിച്ചതല്ലെന്ന് പോസ്റ്റിൽ പറഞ്ഞു. ഹമാസ് കൂട്ടക്കൊലയുടെ ഇരകൾ താങ്കളുടെ സുഹൃത്തുക്കളുമാകാം. അതുകൊണ്ട് ഇതിനെതിരെ തുറന്നുസംസാരിക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Israel removes references to Greta Thunberg's activism from school books: 'No longer an inspiration'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.