ധാക്ക: ബംഗ്ലാദേശിലെ നൂറുകണക്കിന് നിർബന്ധിത തിരോധാന കേസുകളിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും മുതിർന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണ കമീഷൻ.
തിരോധാനങ്ങളെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ കമീഷനാണ് താൽക്കാലിക ഭരണകൂടത്തിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന് റിപ്പോർട്ട് സമർപ്പിച്ചത്. 3500ലേറെ നിർബന്ധിത തിരോധാനങ്ങൾ രാജ്യത്തുണ്ടായെന്നാണ് കമീഷന്റെ കണ്ടെത്തൽ. തലസ്ഥാനമായ ധാക്കയിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായി എട്ട് രഹസ്യ തടവു കേന്ദ്രങ്ങളാണ് ഹസീന സർക്കാർ പ്രവർത്തിപ്പിച്ചിരുന്നത്. നിർബന്ധിത തിരോധാനങ്ങൾക്ക് നിർദേശം നൽകിയതിന് ഹസീനക്കെതിരെ കമീഷൻ തെളിവ് കണ്ടെത്തിയതായും മുഖ്യ ഉപദേശകന്റെ മാധ്യമ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
ഹസീനയുടെ പ്രതിരോധ ഉപദേശകനായിരുന്ന മുൻ ജനറൽ താരീഖ് അഹ്മദ് സിദ്ദീഖ്, നാഷനൽ ടെലി കമ്യൂണിക്കേഷൻ മോണിറ്ററിങ് സെന്ററിന്റെ മുൻ ഡയറക്ടർ ജനറലും പുറത്താക്കപ്പെട്ട മേജർ ജനറലുമായ സിയാഉൽ അഹ്സനന്ദ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ മുനീറുൽ ഇസ്ലാം, മുഹമ്മദ് ഹാറൂനുർറശീദ് എന്നിവരടക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കും ഈ നിയമവിരുദ്ധ കൊലപാതകങ്ങളിൽ പങ്കുണ്ട്.
കേസുകളിൽ ഉൾപ്പെട്ട പല മുതിർന്ന ഉദ്യോഗസ്ഥരും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ടിരുന്നു. പുറത്തുവരാതിരിക്കാൻ വളരെ ആസൂത്രിതമായാണ് തിരോധാനങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നതെന്ന് കമീഷൻ ചെയർമാൻ സുപ്രീംകോടതി മുൻ ജഡ്ജി മുഈനുൽ ഇസ്ലാം ചൗധരി പറഞ്ഞു. നിർബന്ധിത തിരോധാനങ്ങളോ കൊലപാതകമോ നടത്താൻ ചുമതലപ്പെടുത്തിയവർക്ക് ഇരകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർമി, നേവി, എയർഫോഴ്സ്, പൊലീസ് എന്നിവയിൽനിന്നുള്ളവരെ ഉൾപ്പെടുത്തി കസ്റ്റഡി പീഡനത്തിനും തിരോധാനങ്ങൾക്കും നേതൃത്വം നൽകിയ റാപിഡ് ആക്ഷൻ ബറ്റാലിയൻ നിരോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
1676 നിർബന്ധിത തിരോധാന പരാതികൾ ലഭിച്ചതിൽ 758 പരാതികളിൽ പരിശോധന നടത്തിയതായും ഇവരിൽ 200 പേർ മാത്രമാണ് തിരിച്ചെത്തിയതെന്നും മനുഷ്യാവകാശ പ്രവർത്തകനും കമീഷൻ അംഗവുമായ സജ്ജാദ് ഹുസൈൻ പറഞ്ഞു. ജസ്റ്റിസ് ഫരീദ് അഹ്മദ് ശിബ്ലി, മനുഷ്യാവകാശ പ്രവർത്തക നൂർ ഖാൻ, ബി.ആർ.എ.സി സർവകലാശാലയിലെ അധ്യാപിക നബീല ഇദ്രീസ് എന്നിവരും കമീഷൻ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.