ഗസ്സ: ഫലസ്തീൻ ജനതയ്ക്ക് നേരെ നരനായാട്ട് തുടർന്ന് ഇസ്രായേൽ സൈന്യം. ഞായറാഴ്ച രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ 26 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് താമസ സമുച്ചയങ്ങൾ സ്ഫോടനത്തിൽ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെ, ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 170 പിന്നിട്ടു. 41 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
തുടർച്ചയായ ഏഴാം ദിവസമാണ് ഗസ്സക്കു മേൽ ഇസ്രായേൽ ബോംബുവർഷം തുടരുന്നത്. ഇനിയും തുടരുമെന്നും വരുംദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഇൗജിപ്ത് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളി.
കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ്, അൽജസീറ ഉൾപെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അൽ ജലാ ടവർ തകർത്ത ആക്രമണത്തിൽ അടുത്ത കുടുംബങ്ങളിലെ എട്ടു കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ഫലസ്തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്ഥാനം പ്രവർത്തിച്ച 12 നില ടവറിനു നേരെ ബോംബറുകൾ തീ വർഷിച്ചത്. കുടുംബങ്ങൾ താമസിച്ച 60 അപ്പാർട്ടുമെൻറുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അവശ്യ വസ്തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയായിരുന്നു ആറു തവണ തുടരെ ബോംബുവർഷം. ഹമാസിന്‍റെ ഇന്‍റലിജൻസ് വിങ്ങ് പ്രവർത്തിച്ചത് ഈ കെട്ടിടത്തിൽ നിന്നാണെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്.
അതേദിവസം ഗസ്സയിലെ ഫലസ്തീനി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടവരിൽ പെടും. ഹമാസ് നേതാവ് യഹ്യ സിൻവാറിെൻറ ഗസ്സയിലെ വീടും ആക്രമണത്തിനിരയായിട്ടുണ്ട്. ഇവിടെ അദ്ദേഹം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രി നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്രായേലിൽ ഫലസ്തീനി- ജൂത വംശീയ സംഘർഷങ്ങളും അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം 11 പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വെസ്റ്റ് ബാങ്കിൽ രണ്ട് പേർ കൂടി മരിച്ചു.
അതേ സമയം, ആക്രമണത്തിൽ ഓഫീസ് നാമാവശേഷമായിട്ടുണ്ടെങ്കിലും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുംവരെ ഏറ്റവും പുതിയ വാർത്തകളുമായി രംഗത്തുണ്ടാകുമെന്ന് അൽജസീറ ചാനൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.