ഗസ്സ സിറ്റി: വീട് ഒഴിഞ്ഞ് സുരക്ഷിത മേഖലയിലേക്ക് മാറിയ ഫലസ്തീൻ ഡോക്ടറെയും എട്ട് കുടുംബാംഗങ്ങളെയും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനുസിൽനിന്ന് ഒഴിയാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടതിനെത്തുടർന്ന് മാറിയ ഡോ. ഹസൻ ഹംദാനും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. ഇവരോടൊപ്പം അഭയം തേടിയ മറ്റു മൂന്നുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീനിലെ പ്രമുഖ ത്വഗ് രോഗ വിദഗ്ധനാണ് ഡോ. ഹസൻ ഹംദാൻ.
ദയ്ർ അൽബലാഹ് പട്ടണത്തിലാണ് വ്യോമാക്രമണമുണ്ടായത്. മരിച്ചവരിൽ അഞ്ചു കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഖാൻ യൂനുസിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികളാണ് വഴിയാധാരമായത്.
“ഞങ്ങൾ എല്ലാം ഉപേക്ഷിച്ചു, ഒരിടത്തും ഞങ്ങൾക്ക് സുരക്ഷയില്ല. ഇത് അസഹനീയമാണ്’’ -ഖാൻ യൂനുസിന്റെ കിഴക്കൻ ജില്ലയിലുള്ള മൂന്നു കുട്ടികളുടെ പിതാവായ മുനീർ ഹംസ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ആക്രമണത്തിൽ 37,900ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
തെൽഅവീവ്: വെസ്റ്റ് ബാങ്കിൽ അനധികൃത ചെക്ക്പോസ്റ്റുകൾ ഒഴിപ്പിക്കുന്നതിനിടെ ഇസ്രായേൽ സുരക്ഷാസേനക്കും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നേരെ കുടിയേറ്റക്കാരുടെ ആക്രമണം. സൈനിക വാഹനങ്ങൾക്കും ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾക്കും നേരെ കുപ്പികളിൽ പെട്രോൾ നിറച്ച് നിർമിക്കുന്ന മൊളോടോവ് കോക്‌ടെയിലെറിഞ്ഞ് തീകൊളുത്തി. ഒഴിപ്പിക്കാനെത്തിയ ബുൾഡോസറുകൾ തടയുകയും റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള അനധികൃത ഓസ് സിയോൺ ഔട്ട്‌പോസ്റ്റിലാണ് സംഭവം. വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. ഏകദേശം 13 വർഷം മുമ്പ് ഈ മേഖലയിൽ ഫലസ്തീനികളുടെ സ്വകാര്യ ഭൂമി കൈയേറിയാണ് ഇസ്രായേലി കുടിയേറ്റക്കാർ താൽക്കാലിക കെട്ടിടങ്ങൾ നിർമിച്ചുതുടങ്ങിയത്.
നിരവധി തവണ പൊളിച്ചുമാറ്റിയെങ്കിലും വീണ്ടും പുനർനിർമിച്ചുകൊണ്ടിരുന്നു. അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളിലും ഔട്ട്‌പോസ്റ്റുകളിലുമായി 6000ത്തിലേറെ പുതിയ ഹൗസിങ് യൂനിറ്റുകൾ നിർമിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ഇസ്രായേൽ ഉന്നത ആസൂത്രണ സമിതി യോഗം ചേരുന്നതിനിടെയാണ് ഓസ് സിയോണിലെ ആക്രമണം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.