ഗസ്സ: ഗസ്സ സിറ്റിയിൽ ഇസ്രായേൽ മൂന്നു വീടുകൾക്കുനേരെ നടത്തിയ ബോംബാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഡസൻ കണക്കിനാളുകൾക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ബന്ദികളും കൊല്ലപ്പെട്ടതായി അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. റഫയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒമ്പത് ഫലസ്തീനികളുടെ മൃതദേഹം കണ്ടെടുത്തതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
തെക്കൻ ഗസ്സ മുനമ്പിലെ റഫ നഗരത്തിന് പടിഞ്ഞാറ് താൽ അസ്-സുൽത്താനിൽ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികരെ കെലപ്പെടുത്തിയതായി അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഇവരെ രക്ഷിക്കാനെത്തിയവരെയും വധിച്ചതായും ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു. തെക്കൻ ഇസ്രായേലിലെ സൂഫ സൈനിക സൈറ്റിനുനേരെയും നെത്സാരിമിലെ ഇസ്രായേൽ കമാൻഡ് ആസ്ഥാനത്തിനുനേരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായും അവർ അറിയിച്ചു.ഇസ്രായേൽ ഗസ്സയിൽ നിന്ന് പിന്മാറിയാൽ മാത്രമേ ബന്ദിമോചനം സാധ്യമാകൂവെന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അൽ-ഖുദ്സ് ബ്രിഗേഡ്സ് പറഞ്ഞു.
അതിനിടെ, ഗസ്സയിൽ അവശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ നുസൈറത്ത് അഭയാർഥി ക്യാമ്പ് ആക്രമണത്തിനിടെ മോചിപ്പിക്കപ്പെട്ട ബന്ദി ആൻഡ്രി കോസ്ലോവ് ആഹ്വാനം ചെയ്തു. ധാരാളം ബന്ദികൾ ഗസ്സയിലുണ്ട്. ശനിയാഴ്ച ഞാൻ ധാരാളം റാലികൾ കണ്ടു, അത് ഏറെ പ്രതീക്ഷനൽകുന്നതാണ്. കുടുംബങ്ങളെയും ബന്ദികളെയും സഹായിക്കാൻ മുന്നോട്ടുവരണമെന്നും വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വെള്ളത്തിന്റെ അഭാവം ഗസ്സയിലെ പട്ടിണി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. വടക്കൻ ഗസ്സയിലെ ഭൂരിഭാഗം കിണറുകളും ഇസ്രായേൽ സൈന്യം നശിപ്പിച്ചു. ഭക്ഷണം ഇല്ലാതെ വലയുന്ന ഫലസ്തീനികൾക്ക് ശുദ്ധമായ കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയിലാണ്.
അതിനിടെ ലബനാനിൽ നിന്ന് തെടുത്തുവിട്ട നിരവധി റോക്കറ്റുകൾ പടിഞ്ഞാറൻ ഗലീലിയിലെ ഗോറനിൽ പതിച്ചതായും പ്രദേശത്ത് തീപിടിത്തമുണ്ടായതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. യുദ്ധം തുടങ്ങിയത് മുതൽ 500 ഓളം ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതുമുതൽ 37,296 പേരാണ് കൊല്ലപ്പെട്ടത്. 85,197 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.