ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ ദിൽവാർ ഹുസൈൻ സഈദി (83) അന്തരിച്ചു. കാശിംപൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന അദ്ദേഹം ഞായറാഴ്ചയുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുദ്ധക്കുറ്റം ആരോപിച്ച് ശിക്ഷിക്കപ്പെട്ട് 13 വർഷത്തോളമായി ജയിലിൽ കഴിയുന്ന അദ്ദേഹം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു.
ബംഗ്ലാദേശ് പാർലമെന്റ് മുൻ അംഗവും അറിയപ്പെടുന്ന ഖുർആൻ പണ്ഡിതനും പ്രഭാഷകനുമാണ്. ഞായറാഴ്ച ഉച്ചക്കുശേഷമാണ് ജയിലിൽ ഹൃദയാഘാതമുണ്ടായത്. തുടർന്ന് ധാക്കയിലെ ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കൽ യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിൽവാറിന്റെ അറസ്റ്റ് അന്യായമാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിക്കുപുറത്ത് ജനക്കൂട്ടം സംഘടിച്ചെത്തി വൻ പ്രതിഷേധവും നടത്തിയിരുന്നു.
2013ലാണ് ബംഗ്ലാദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ദിൽവാർ ഹുസൈന് വധശിക്ഷ വിധിച്ചത്. ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കോടതിവിധിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
കോടതിവിധിക്കെതിരെ വൻ പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറിയത്. 2014ൽ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി ലഘൂകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.