തെഹ്റാൻ: ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെയും കൊലപ്പെടുത്തിയതിനുള്ള മറുപടിയായാണ് ഇസ്രയേലിനെതിരായ മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസൻ നസ്‌റുല്ല ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം ജൂലൈ 31ന് ഇറാനിലെ തെഹ്റാനിലായിരുന്നു ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
“ഇസ്മാഈൽ ഹനിയ്യ, ഹസൻ നസ്‌റുല്ല, ഐ.ആർ.ജി.സി ഗാർഡ്‌സ് കമാൻഡർ നിൽഫോറോഷൻ എന്നിവരുടെ രക്തസാക്ഷിത്വത്തിന് മറുപടിയായി, അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്” -െഎ.ആർ.ജി.സി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് രാത്രിയാണ് തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. 200ലേറെ മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം.
ഇസ്രായേൽ സേനയും ഇറാനും മിസൈൽ ആക്രമണം സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഇറാന്‍റെ ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബാനനില്‍ കര ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ഇസ്രായേല്‍ ആക്രമണത്തില്‍ ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു.
അതിനിടെ, തെൽ അവീവിൽ വെടിവെപ്പ് നടന്നതായും റിപ്പോർട്ടുണ്ട്. ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തെക്കൻ ലബനാനിൽ ചെറിയ ദൂരത്തേക്ക് ഇസ്രായേൽ കരസേന കടന്നുകയറിയത്. പരിമിതവും പ്രാദേശികവും ചില കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ളതുമാണ് സൈനിക നീക്കമെന്ന വിശദീകരണത്തോടെയാണ് ലബനാനിൽ പുതിയ യുദ്ധമുഖം തുറന്ന് കരയുദ്ധം ആരംഭിച്ചത്. എന്നാൽ, ഇസ്രായേൽ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്നും എത്തിയാൽ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.