യുക്രെയ്‌നിലെ കിയവിലുള്ള പ്രസിഡൻഷ്യൽ പാലസിൽ സെലെൻസ്‌കിക്കൊപ്പം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനവുമായി ജോ ബൈഡൻ; സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി

കിയവ്: റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനവുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. കിയവിലെത്തിയ ബൈഡൻ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ യുക്രെയ്ൻ സൈനികർക്കായി വാൾ ഓഫ് മെമ്മറൻസിൽ ബൈഡൻ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് സൈനിക സല്യൂട്ട് സ്വീകരിച്ചു.

കൂടുതൽ ആയുധങ്ങൾ നൽകുമെന്നും യുക്രെയ്നിന്‍റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ അറിയിച്ചു. ‘ബൈഡൻ, കിയവിലേക്ക് സ്വാഗതം! നിങ്ങളുടെ സന്ദർശനവും പിന്തുണയും എല്ലാ യുക്രേനിയക്കാർക്കും വളരെ പ്രധാനപ്പെട്ട അടയാളമാണ്’ -സന്ദർശനത്തെക്കുറിച്ച് സെലൻസ്കി ടെലിഗ്രാമിൽ പറഞ്ഞു.

ബൈഡനും സെലെൻസ്‌കിയും കിയവിലെ സെന്റ് മൈക്കിൾസ് കത്തീഡ്രൽ സന്ദർശിക്കുന്നു. (Gleb Garanich/Reuters)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലേക്കുള്ള യാത്രക്കിടെയാണ് യു.എസ് പ്രസിഡന്‍റ് യുക്രെയ്നിലെത്തിയത്. നേരത്തെ, സെൻട്രൽ കിയവിലെ നിരവധി പ്രധാന റോഡുകൾ അടച്ചും കവചിത സൈനിക വാഹനങ്ങളുടെ നീണ്ട നിര നഗരത്തിൽ വിന്യസിച്ചും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേതുടർന്ന് പ്രധാന വ്യക്തികളാരോ കിയവിലെത്തുന്നുണ്ടെന്ന സൂചന പരന്നിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെയാണ് ആദ്യമായി ബൈഡൻ യുക്രെയ്നിലെത്തുന്നത്. യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ബൈഡന്‍റെ സന്ദർശനം. റഷ്യക്കുള്ള ശക്തമായ സന്ദേശമായാണ് ബൈഡന്‍റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Joe Biden visits Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.