വാഷിംഗ്ടൺ: അധികൃതമായി തോക്ക് കൈവശം വെച്ചെന്ന കേസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റം നിഷേധിച്ചു. ബൈഡന്റെ ജന്മനാടായ വിൽമിംഗ്ടണിലെ ഫെഡറൽ കോടതിയിൽ നടന്ന വിചാരണയിൽ ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ലോവലാണ് കുറ്റം നിഷേധിച്ചത്. ഹണ്ടർ ബൈഡൻ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്നും വക്കീൽ അറിയിച്ചു. 53 കാരനായ ഹണ്ടർ 2018ൽ കാലിബർ കോൾട്ട് കോബ്ര റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നേരിടുന്നുണ്ട്. തോക്ക് വാങ്ങുന്ന സമയത്ത് നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും തെറ്റായ രേഖകൾ
സമർപ്പിച്ചുവെന്നതുമടക്കം കേസുകളിൽ അദ്ദേഹത്തിനു മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. കാലിഫോർണിയയിൽ താമസിക്കുന്ന ബൈഡനെ വീഡിയോയിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന ഹരജി കഴിഞ്ഞ ആഴ്ച ജഡ്ജി ക്രിസ്റ്റഫർ ബർക്കി നിരസിച്ചിരുന്നു.
പ്രതിക്ക് ഈ വിഷയത്തിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കരുതെന്നും കോടതി വിധിയിൽ എഴുതിയിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ബൈഡന് 25 വർഷം തടവ് അനുഭവിക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു.
ബരാക് ഒബാമയുടെ കീഴിൽ പിതാവ് വൈസ് പ്രസിഡന്റായിരിക്കെ ഉക്രെയ്നിലും ചൈനയിലും ഹണ്ടർ ബൈഡൻ നടത്തിയ ബിസിനസ്സ് ഇടപാടുകൾ ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഈ വർഷം ആദ്യം നടന്ന ഒരു അഭിമുഖത്തിൽ ഹണ്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താൻ അവനെ വിശ്വസിക്കുന്നുവെന്നും ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.