ധാക്ക: ബംഗ്ലാദേശിലെ യൂനിവേഴ്സിറ്റികളിൽ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെ രാജ്യമെങ്ങും പടരുന്നു. സർക്കാർ ജോലികളിൽ 1971ലെ സ്വാതന്ത്ര്യസമര പോരാളികളുടെ ബന്ധുക്കൾക്ക് 30 ശതമാനം സംവരണം പ്രഖ്യാപിച്ചതിനെതിരെ ശക്തിയാർജിച്ച സമരത്തിൽ ഔദ്യോഗികമായി 110 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരങ്ങൾക്ക് പരിക്കേറ്റു.
യൂനിവേഴ്സിറ്റികളും സ്കൂളുകളും അടച്ചിട്ട രാജ്യത്ത് പലയിടത്തും ട്രെയിൻ, ബസ് ഗതാഗതവും നിർത്തിവെച്ചിട്ടുണ്ട്. തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചുവരികയാണ്. വെള്ളിയാഴ്ച നർസിങ്ഡി ജയിൽ ആക്രമിച്ച പ്രക്ഷോഭകർ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെ സർക്കാർ ടെലിവിഷൻ ചാനൽ ആസ്ഥാനവും തീയിട്ട് നശിപ്പിച്ചു. സമരം അടിച്ചമർത്താൻ രാജ്യത്തുടനീളം കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, നടപടികൾ കടുപ്പിച്ചിട്ടും പ്രക്ഷോഭം കൂടുതൽ പടരുന്നതാണ് ആശങ്കയുണർത്തുന്നത്. വെള്ളിയാഴ്ച മാത്രം തലസ്ഥാനമായ ധാക്കയിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. സൈനികരുടെ കുടുംബങ്ങൾക്ക് സംവരണമെന്ന പേരിൽ ഭരണകക്ഷിയിലെ പരമാവധി പേർക്ക് സർക്കാർ തൊഴിൽ നൽകുന്നതാണ് പുതിയ സംവരണ നീക്കമെന്നാണ് സമരക്കാർ ഉയർത്തുന്ന പരാതി. അർഹതയുള്ളവർക്ക് തൊഴിൽ നൽകാൻ തയാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. 15 വർഷമായി അധികാരത്തിൽ തുടരുന്ന ശൈഖ് ഹസീനക്കും അവാമി ലീഗിനുമെതിരെ പ്രതിപക്ഷ കക്ഷിയായ നാഷനൽ പാർട്ടിയും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ഒരുക്കമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും 30 ശതമാനം സംവരണം ഒഴിവാക്കാതെ ഒത്തുതീർപ്പിനില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ മടങ്ങിയെത്തി. 978 ഇന്ത്യൻ വിദ്യാർഥികൾ ഇതുവരെ മടങ്ങിയതായി കേന്ദ്ര വിദേശ മന്ത്രാലയം അറിയിച്ചു. ഇവരിൽ നല്ലൊരു പങ്ക് മെഡിക്കൽ വിദ്യാർഥികളാണ്. ഇന്ത്യൻ എംബസി ഒരുക്കിയ സൗകര്യം ഉപയോഗപ്പെടുത്തി 13 നേപ്പാളി വിദ്യാർഥികളും മടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രയും താമസവും ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.