വാഷിങ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ച നടപടി വിവാദമായതോടെ ക്ഷമ പറഞ്ഞ് തലയൂരി ജെ.പി മോർഗൻ സി.ഇ.ഒ ജാമി ഡിമോൺ. മോർഗൻ മേധാവിയുടെ പ്രസ്താവനക്കെതിരെ ചൈനയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് സി.ഇ.ഒയുടെ ക്ഷമാപണം. താൻ ക്ഷമ ചോദിക്കുകയാണെന്നും അത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ബാങ്കിന്‍റെ ശക്തി കാണിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയേക്കാളും കൂടുതൽ കാലം ജെ.പി മോർഗൻ ബാങ്ക് നിലനിൽക്കുമെന്നായിരുന്നു സി.ഇ.ഒയുടെ വിവാദ പ്രസ്താവന. ഇത് ചൈനയിലിരുന്ന് തനിക്ക് പറയാനാവില്ലെന്നും എന്തായാലും തന്‍റെ വാക്കുകൾ അവർ കേൾക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജാമി ഡിമോണിനെതിരെ ട്വീറ്റുമായി ചൈനയുടെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബൽ ടൈംസിന്‍റെ എഡിറ്റർ ഹു ഷിൻ രംഗത്തെത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി യു.എസ്.എയെ മറികടക്കുമെന്ന് താൻ പന്തയം വെക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഡിമോണിേന്റത് ശ്രദ്ധ നേടാനുള്ള ശ്രമമായി മാത്രമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിലയിരുത്തിയത്.
ചൈനയിൽ സൈക്യൂരിറ്റി ബ്രോക്കറേജിന് പൂർണമായ തോതിൽ അംഗീകാരം ലഭിച്ച ആദ്യ വിദേശ സ്ഥാപനമാണ് ജെ.പി മോർഗൻ. സി.ഇ.ഒയുടെ പ്രസ്താവന പുറത്ത് വന്നതോടെ അത് കമ്പനിയുടെ ചൈനയിലെ സ്വപ്നങ്ങൾക്ക് മേൽ കൂടിയാണ് കരിനിഴൽ വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.