ഹൂസ്റ്റൺ: യു.എസിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മലയാളി കെ. പി. ജോർജ് (57) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റായ ജോർജ് റിപ്പബ്ലിക്കൻ എതിരാളി ട്രെവർ നെൽസിനെ 52 ശതമാനം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും കൗണ്ടി നിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് അടുത്ത നാലു വർഷത്തെ ലക്ഷ്യമെന്നും ഫലമറിഞ്ഞശേഷം കെ.പി. ജോർജ് അഭിപ്രായപ്പെട്ടു.
ഫോർട്ട് ബെൻഡ് ഐ.എസ്.ഡി സ്കൂൾ ബോർഡ് അംഗമായിരുന്നു. 2018ലാണ് ജഡ്ജിയായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗത്ഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് കർഷക കുടുംബത്തിലാണ് ജനനം. കൗണ്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് ജോർജിന്റെ സംഘാടനവും ഏകോപനവും ശ്രദ്ധനേടിയത്.
വാക്സിനേഷൻ നിരക്കിൽ കൗണ്ടി സംസ്ഥാനത്ത് ഒന്നാമതെത്തി. കൊടുങ്കാറ്റ് നാശം വിതച്ചപ്പോൾ സഹായ കേന്ദ്രങ്ങൾ തുറന്നു. മികച്ച ഗതാഗത സൗകര്യങ്ങളും ഒരുക്കി. 2019-22 കാലഘട്ടത്തിൽ സാമ്പത്തിക വികസനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ടെക്സസിൽ രണ്ടാം സ്ഥാനത്തെത്തി. യു.എസിൽ, കൗണ്ടി ജഡ്ജിമാരുടെ ചുമതലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. നാലുവർഷമാണ് കാലാവധി. കൗണ്ടിയുടെ വലുപ്പത്തെ ആശ്രയിച്ച്, അവർ ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് ചുമതലകൾ നിർവഹിക്കുന്നു. ബിരുദപഠനശേഷം മുംബൈയിൽ ജോലി ചെയ്തു. 1993ൽ ന്യൂയോർക്കിലെ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ലഭിച്ചു. പിന്നീട് ടെക്സസിലേക്ക് താമസം മാറി. അന്നുമുതൽ കുടുംബത്തോടൊപ്പം ഫോർട്ട് ബെൻഡ് കൗണ്ടിയിലാണ് താമസം. ഫോർട്ട് ബെൻഡ് സ്കൂൾ അധ്യാപികയായ ഷീബയാണ് ഭാര്യ. മക്കൾ: രോഹിത്, ഹെലൻമേരി, സ്നേഹ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.