ലോസ് ആഞ്ചൽസ്: ദക്ഷിണ കാലിഫോർണിയ മേഖലയിലെ വൻ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ജനുവരി 17ന് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം ജനുവരി 19 ലേക്ക് മാറ്റിവെച്ചു. തീയതി മാറ്റങ്ങളെക്കുറിച്ച് അക്കാദമി സി.ഇ.ഒ ബിൽ ക്രാമറിൽ നിന്ന് അംഗങ്ങൾക്ക് ഇ-മെയിൽ അയച്ചു.
‘സതേൺ കാലിഫോർണിയയിലുടനീളമുള്ള വിനാശകരമായ തീപിടുത്തം ബാധിച്ചവർക്ക് അഗാധമായ അനുശോചനം അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ നിരവധി അംഗങ്ങളും വ്യവസായ സഹപ്രവർത്തകരും ലോസ് ആഞ്ചൽസ് പ്രദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ നിങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത് -ഇ മെയിലിൽ പറയുന്നു.
ഓസ്കാർ നോമിനേഷൻ വോട്ടിങ്ങിനുള്ള സമയപരിധിയും ജനുവരി 14 വരെയാക്കി രണ്ടു ദിവസത്തേക്ക് നീട്ടി. പതിനായിരത്തോളം വരുന്ന അക്കാദമി അംഗങ്ങൾക്കുള്ള വോട്ടെടുപ്പ് ജനുവരി 8ന് ആരംഭിച്ചു. മാർച്ച് 2ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടക്കുന്ന 2025 ലെ ഓസ്‌കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും.
ലോസ് ഏഞ്ചൽസിലെ ഏറ്റവും പ്രശസ്തമായ മേഖലക്ക് ഭീഷണിയായി ബുധനാഴ്ച രാത്രിയാണ് ഹോളിവുഡ് ഹിൽസിൽ തീപിടുത്തമുണ്ടായത്. അഞ്ചു പേർ കൊല്ലപ്പെടുകയും 100,000ത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
കാലിഫോർണിയയിൽ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളായ ബില്ലി ക്രിസ്റ്റൽ, മാൻഡി മൂർ, പാരിസ് ഹിൽട്ടൺ, കാരി എൽവെസ് എന്നിവർക്ക് തീപിടിത്തത്തിൽ വീടുകൾ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
ജനുവരി 12ന് സാന്റാ മോണിക്കയിൽ നടക്കാനിരുന്ന ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും ജനുവരി 26ലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.