ലണ്ടൻ: സമൂഹമാധ്യമ മേഖലയിൽ ട്വിറ്ററിനെ വെല്ലാൻ പുതിയ ആപ്പുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ മെറ്റ കമ്പനി. ബുധനാഴ്ച പുലർച്ചെയാണ് ഗൂഗ്ൾ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ഇത് ലഭ്യമായിത്തുടങ്ങിയത്. ത്രെഡ്സ് ആരംഭിച്ച് ഏഴു മണിക്കൂറിനുള്ളിൽ ഒരു കോടി പേർ ഉപയോക്താക്കളായി ചേർന്നതായി സക്കർബർഗ് അറിയിച്ചു. 100ലേറെ രാജ്യങ്ങളിലെ ഉപയോക്താക്കൾ ത്രെഡ്സ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. അതേസമയം, സുരക്ഷാകാരണങ്ങളാൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിലവിൽ ഇത് ലഭ്യമല്ല.
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷം നടത്തിയ പരിഷ്കരണങ്ങളിൽ അതൃപ്തരായ ഉപയോക്താക്കളെ ത്രെഡ്സിന് ആകർഷിക്കാൻ കഴിയുമെന്നാണ് സാങ്കേതികരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. 500 അക്ഷരങ്ങൾ വരെ പോസ്റ്റ് ചെയ്യാൻ കഴിവുള്ള ത്രെഡ്സിന്റെ പല സംവിധാനങ്ങളും ട്വിറ്ററിന് സമാനമാണ്.
ട്വിറ്ററിൽ നിലവിൽ 280 അക്ഷരങ്ങൾ വരെയാണ് ഒരു ട്വീറ്റിൽ ഉൾക്കൊള്ളിക്കാൻ കഴിയുക. രണ്ടു മിനിറ്റ് 20 സെക്കൻഡ് വരെ ദൈർഘ്യമുള്ള വിഡിയോ ആണ് ട്വിറ്ററിൽ അപ് ലോഡ് ചെയ്യാൻ കഴിയുന്നതെങ്കിൽ ത്രെഡ്സിൽ ഇത് അഞ്ചു മിനിറ്റാണ്. മെറ്റയുടെ മറ്റൊരു സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി ത്രെഡ്സിൽ വെരിഫിക്കേഷൻ സൗകര്യവുമുണ്ട്.
അതേസമയം, ട്വിറ്ററിലുള്ള നേരിട്ട് സന്ദേശമയക്കൽ, ട്രെൻഡിങ് സ്റ്റോറീസ്, ഹാഷ് ടാഗ് എന്നിവ ത്രെഡ്സിൽ ലഭ്യമല്ല. നിലവിൽ ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ കൂടെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ആകുന്ന സംവിധാനമാണുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതായി മെറ്റ അധികൃതർ അറിയിച്ചു. ഇതിനു പകരമായി ത്രെഡ്സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യം നിലവിലുണ്ടെന്നും കമ്പനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.