ലബനാനിൽ മുനിസിപ്പൽ ഓഫിസിൽ ബോംബിട്ടു; മേയർ കൊല്ലപ്പെട്ടു

ബൈറൂത്: കഴിഞ്ഞ ദിവസം വടക്കൻ ലബനാനിലെ സിവിലിയൻ ഗ്രാമത്തിൽ നിരവധി കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല നടത്തിയ ഇസ്രായേൽ ചൊവ്വാഴ്ച തെക്കൻ മേഖലയിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ബോംബിട്ട് മേയറടക്കം ആറുപേരെ വധിച്ചു. ഇസ്രായേൽ ആക്രമണം തുടരുന്ന നബ്തിയയിൽ അടിയന്തര സഹായങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മുനിസിപ്പൽ കൗൺസിൽ യോഗത്തിനുമേൽ നടന്ന വ്യോമാക്രമണത്തിലാണ് മേയർ അഹ്മദ് കാഹിയും മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടത്. 43 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

മുനിസിപ്പൽ ഓഫിസിന് പുറമെ നബ്തിയയുടെ പരിസരങ്ങളിലുടനീളം നടന്ന കനത്ത വ്യോമാക്രമണത്തിൽ നിരവധിപേർ വേറെയും കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ടയർ പട്ടണത്തിനു സമീപം ഖനായിലെ വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ലബനാനിൽ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ ഐത്വൂവിൽ 12 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനെതിരെ അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആറിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പേർ കൊല്ലപ്പെട്ടു. 140 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ, മരണസംഖ്യ 42,409 ആയി. പരിക്കേറ്റവർ 99,153 ആണ്. സ്ഥിതി അതിഗുരുതരമായി തുടരുന്ന വടക്കൻ ഗസ്സയിൽ മൂന്ന് ആശുപത്രികളിലെയും നില ദുരന്തസമാനമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കമാൽ അദ്‍വാൻ, അൽഔദ, ഇന്തോനേഷ്യൻ ആശുപത്രികളിൽ നൂറുകണക്കിന് രോഗികൾക്ക് ആവശ്യമായ ചികിത്സയും അടിയന്തര സേവനങ്ങളും നൽകാൻ പ്രയാസപ്പെടുകയാണ്. അതേസമയം, ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നവംബറിലെ യു.എസ് പൊതുതെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Municipal office bombed in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.