നവാൽനിയുടെ മരണം: റഷ്യയിൽ പ്രതിഷേധം; 400 പേർ കസ്റ്റഡിയിൽ

മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അനുസ്മരണ ചടങ്ങുകളിൽ സംബന്ധിച്ച് 400ലേറെ അനുയായികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തെ 36 നഗരങ്ങളിൽ അനുസ്മരണവും പ്രതിഷേധവും നടത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഭരണകൂടം നവാൽനിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്ന് മനുഷ്യാവകാശ കൂട്ടായ്മകൾ ആരോപിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങി രാഷ്ട്രനേതാക്കളും മനുഷ്യാവകാശ സംഘടനകളും പുടിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

തനിക്കെതിരെ ശബ്ദിക്കുന്നവർക്ക് ഇതായിരിക്കും ഗതിയെന്ന സന്ദേശം നൽകാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബോധപൂർവം കൊലപ്പെടുത്തിയതാണെന്ന് പുടിൻ വിമർശകനും ഹെറിറ്റേജ് കാപിറ്റൽ മാനേജ്മെന്റ് സഹസ്ഥാപകനുമായ ബിൽ ബ്രൗഡർ ആരോപിച്ചു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട നവാൽനി സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായും ജയിൽ അധികൃതർ പറഞ്ഞു.

തന്റെ രാഷ്ട്രീയ സംഘടനകൾക്ക് ലഭിച്ച സംഭാവനകളിൽനിന്ന് 4.7 മില്യൺ ഡോളർ അപഹരിച്ചെന്ന കുറ്റത്തിന് 2022 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ഒമ്പത് വർഷം ജയിൽ ശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹത്തെ സൈബീരിയയിലെ യമാലോ-നെനെറ്റ്സ് മേഖലയിലുള്ള പീനൽ കോളനിയിലേക്ക് മാറ്റിയത്.

Tags:    
News Summary - Navalny's Death: Protests in Russia; 400 people in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.