കാഠ്മണ്ഡു: ഹരിദ്വാറിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത മുൻ നേപ്പാൾ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമൾ ഷാക്കും കോവിഡ്. ഇന്ത്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പി.സി.ആർ പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
73 വയസ്സുള്ള ഗ്യാേനന്ദ്ര ഷായും 70 വയസ്സുള്ള കോമൾ ഷായും ഹർ കി പൗഡിയിലെ പുണ്യസ്നാനത്തിൽ പങ്കെടുക്കുകയും നിരവധി സന്യാസിമാരുമായും തീർഥാടകരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഏപ്രിൽ 11ന് ഹരിദ്വാറിലെത്തിയ ഇവർ മാസ്‌ക് ധരിക്കാതെ ചടങ്ങുകളിൽ പങ്കെടുത്തതിന് വിമർശനവും ശക്തമായിരുന്നു. ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ ഇരുവരെയും സ്വീകരിക്കാൻ കാഠ്മണ്ഡു വിമാനത്താവളത്തിൽ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയിരുന്നെന്ന് 'ദി ഹിമാലയൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം അധികൃതർ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും അവസാനത്തെ രാജാവാണ് ഗ്യാനേന്ദ്ര. 2001ൽ സഹോദരൻ ബീരേന്ദ്ര ബീർ ബിക്രം ഷാ ദേവും കുടുംബവും കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഗ്യാനേന്ദ്ര ഷാ നേപ്പാൾ രാജാവാകുന്നത്. 2008ൽ നേപ്പാളിലെ രാജാധിപത്യം ഇല്ലാതാകുകയായിരുന്നു. ഇന്ത്യയിലെ വിവിധ അഖാഡകളുമായി രാജകുടുംബം അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.