തെൽ അവീവ്: അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും നൽകിയ ഉറച്ച പിന്തുണയും വ്യോമശക്തിയിലെ അപ്രമാദിത്വവുമുണ്ടായിട്ടും ഇസ്രായേലിന് ലബനാൻ നൽകിയത് വൻതിരിച്ചടിയെന്ന് വിദഗ്ധർ. കരസേനയെ കൂടുതലായി വിന്യസിച്ച് തെക്കൻ ലബനാനിൽ നിലയുറപ്പിക്കാൻ നടത്തിയ ശ്രമം രണ്ടുമാസം കഴിഞ്ഞും ഫലം കണ്ടില്ല.
പട്ടണങ്ങളിൽ ഒന്നുപോലും ഇസ്രായേലിന്റെ പൂർണ നിയന്ത്രണത്തിലായില്ല. മറുവശത്ത്, വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല ആക്രമണം വെടിനിർത്തലിന്റെ ഒരു മണിക്കൂർ മുമ്പുവരെ തുടർന്നു. തെൽ അവീവ് അടക്കം മുൻനിര പട്ടണങ്ങളും ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന ആശങ്ക നിലനിർത്താനും ഹിസ്ബുല്ലക്കായി.
ലബനാനിൽ ഇസ്രായേലി സൈനിക നിരക്ക് കനത്ത ആൾനാശമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വടക്കൻ ഇസ്രായേലിൽ അഭയാർഥികളായിമാറിയ ആയിരങ്ങളെ തിരിച്ചുകൊണ്ടുവരാനും നെതന്യാഹുവിനായില്ല. ഗസ്സയിൽ ബന്ദികളുടെ മോചനത്തിനൊപ്പം വടക്കൻ ഇസ്രായേലിലെ അഭയാർഥികൾകൂടി താങ്ങാനാകില്ലെന്നു വന്നത് നെതന്യാഹുവിനെ കീഴടങ്ങാൻ നിർബന്ധിതനാക്കിയതായാണ് വിലയിരുത്തൽ.
നെതന്യാഹുവിന്റെ കീഴടങ്ങൽഒരുവർഷം കഴിഞ്ഞും ഗസ്സയിൽപോലും പോരാട്ടം തുടരുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും ഏൽപിക്കുന്ന പരിക്കുകൾ വേറെ. കൂടുതൽ റിസർവ് ഭടന്മാരെ വിന്യസിച്ചാണ് ആക്രമണം നിലനിർത്താൻ നെതന്യാഹു പാടുപെടുന്നത്. ഗസ്സയിൽ വെടിനിർത്തിയാൽ നാളെയെന്തെന്ന വലിയ വിഷയം നിലനിൽക്കുന്നുണ്ടെങ്കിൽ ലബനാനിൽ കാര്യങ്ങൾ കൂടുതൽ ലളിതമാണ്. 2006ൽ ഹിസ്ബുല്ലയുമായി യുദ്ധവിരാമം സാധ്യമാക്കിയ രക്ഷാസമിതിയുടെ 1701ാം പ്രമേയപ്രകാരമായതിനാൽ തുടർനടപടികൾ എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.