Kim Jong Un

കോവിഡിനെ വരുതിയിലാക്കി: ഉത്തരകൊറിയയിൽ മാസ്ക് ഒഴിവാക്കി

 പ്യോങ്യാങ്: കോവിഡ് മഹാമാരിക്കെതിരെ പൂർണ വിജയം നേടിയെന്ന ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തര കൊറിയയിൽ മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി. സാമൂഹിക അകലവും നിർബന്ധമല്ല.കഴിഞ്ഞ മാസം 17 ദിവസത്തോളം പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന കിം ബുധനാഴ്‌ച നടന്ന ഭരണകക്ഷി യോഗത്തിൽ പങ്കെടുത്ത് കൊണ്ടാണ് 'വലിയ ക്വാറന്‍റൈന്‍ യുദ്ധത്തിൽ' വിജയിച്ചതായി പ്രഖ്യാപിച്ചത്.

ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. രാജ്യത്തെ പൊതുജനാരോഗ്യ പ്രതിസന്ധി പൂർണമായും ഇല്ലാതാക്കുകയും മുഴുവൻ പ്രദേശങ്ങളും ചുരുങ്ങിയ കാലയളവിൽ മാരകമായ വൈറസിൽ നിന്ന് മുക്തമാക്കുകയും ചെയ്തതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, മുൻ‌നിര പ്രദേശങ്ങളിലും അതിർത്തി നഗരങ്ങളിലും ഈ ഇളവുകൾ ബാധകമല്ല.

2022 മേയിലാണ് ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് കടുത്ത നിയന്ത്രണങ്ങളിലായിരുന്നു രാജ്യം. മെയ് മാസത്തിൽ ആദ്യത്തെ കേസുകൾ പ്രഖ്യാപിച്ച് വെറും മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മഹാമാരിക്കെതിരെ പൂർണ വിജയം നേടിയെന്ന് കിം അവകാശപ്പെട്ടത്. മാസ്‌ക് നിർബന്ധമല്ലെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾ മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ട്.

അതേസമയം, ദക്ഷിണ കൊറിയയിൽ നിന്നെത്തിയ 'ലഘുലേഖകൾ' ആണ് രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടാൻ കാരണമെന്നാണ് കിമ്മിന്‍റെ സഹോദരി കിം യോങ് ജോങ്ങിന്‍റെ ആരോപണം. ഉത്തര കൊറിയ രാജ്യത്തെ പനി കേസുകളെ ഇതുവരെ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. പുറത്ത് നിന്നുള്ള വാക്‌സിനുകളും രാജ്യം നിരസിച്ചിരുന്നു. മെയ് മാസത്തിൽ മാത്രം ഉത്തര കൊറിയയിൽ 20 ലക്ഷത്തോളം കോവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. ഒരാഴ്ചക്കിടെ 63 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാമാരി തുടങ്ങി വെറും മാസങ്ങൾ മാത്രം പിന്നിടുമ്പോൾ കോവിഡിനെതിരെ പൂര്‍ണ വിജയം നേടിയെന്ന കിമ്മിന്‍റെ പ്രഖ്യാപനം ഏറെ വിമർശനങ്ങൾക്കും വഴിവെക്കുന്നുണ്ട്.

Tags:    
News Summary - North Korea lifts Covid 19 measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.