കൂട്ടകുഴി മാടങ്ങളിൽ റഷ്യൻ സൈനികരുടെ അമ്മമാരോട് ചോദ്യങ്ങളുന്നയിച്ച് സെലൻസ്കി

കിയവ്: യുക്രെയ്നിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങി തുടങ്ങിയതോടെ ബുച്ചയിൽ നടന്ന കൊലപാതകങ്ങളിൽ റഷ്യൻ നേതൃത്വത്തെ കുറ്റപ്പെടുത്തി യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി. റഷ്യൻ സേനയുടെ നേതൃത്വത്തിൽ നടന്ന എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിച്ച് വിചാരണ ചെയ്യുമെന്നും ഇതിനായി പ്രത്യേക നീതിന്യായ സംവിധാനം രൂപീകരിക്കുമെന്നും സെലൻസ്കി പറഞ്ഞു.

കിയവിനു പുറത്തുള്ള ബുച്ചയിൽ നിന്ന് നിരവധി സാധാരക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം.

"റഷ്യൻ നേതൃത്വം അവരുടെ സൈനികർക്ക് നൽകിയ നിർദേശങ്ങൾ അവർ എങ്ങനെ നടപ്പാക്കിയെന്ന് റക്ഷ്യൻ ഭരണകൂടം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു". സാധാരണക്കാരെ പീഡിപ്പിച്ചും കൂട്ടക്കൊല ചെയ്തുമാണ് റഷ്യൻ സേന ഉത്തരവുകൾ നടപ്പാക്കിയതെന്ന് സെലൻസ്കി പറഞ്ഞു. എന്നാൽ ബുച്ചയിൽ സാധാരണക്കാരെ കൂട്ടക്കൊലക്ക് വിധേയരാക്കിയെന്ന വാർത്തകൾ റഷ്യ നിഷേധിച്ചു.

അവർ എന്തിനാണ് സാധരണക്കാരെ കൂട്ടക്കൊല ചെയ്തതെന്ന് റഷ്യൻ സൈനികരുടെ അമ്മമാരെ അഭിസംബോധന ചെയ്ത് സെലൻസ്കി ചോദിച്ചു. "ബൈക്ക് ഓടിച്ചുപോകുന്നയാളെ എന്ത് കാരണത്തിലാണ് അവർ കൊന്നത്? സമാധാനപരമായി നഗരങ്ങളിൽ നിക്കുന്നവരെ എന്തിനാണ് അവർ പീഡിപ്പിച്ചത്? ബുച്ച നഗരം നിങ്ങളുടെ റഷ്യയോട് എന്താണ് ചെയ്തത്"?- സെലൻസ്കി ചോദിച്ചു.

ഈ അക്രമങ്ങൾ അന്വേഷിക്കുന്നതിനോടൊപ്പം വിചാരണ നടത്തുന്നതിനായി ദേശീയ അന്തർദേശീയ വിദഗ്ധർ, പ്രോസിക്യൂട്ടർമാർ, ജഡ്ജിമാർ എന്നിവരുൾപ്പെടുന്ന ഒരു സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിൽ നിന്ന് തിരിച്ചുപിടിച്ച കിയവിനു സമീപമുള്ള ബുച്ചയെയും മറ്റ് പട്ടണങ്ങളെയും പുനർനിർമിക്കാൻ യുക്രെയ്ൻ അധികാരികൾ ശ്രമിക്കുന്നുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. നഗരത്തെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും ബുച്ചയിൽ നടത്തി വരികയാണ്. നഗരത്തിൽ വൈദ്യുതി വിതരണവും ജലവിതരണവും പുനസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയെ രാജ്യത്ത് നിന്ന് പുറത്താക്കിയിരിക്കുകയാണ്. യുക്രെയ്ൻ പഴയത് പോലെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും യുദ്ധത്തിൽ യുക്രെയ്ൻ വിജയിക്കുമെന്നും സെലൻസ്കി ഉറപ്പ് നൽകി.

Tags:    
News Summary - On Mass Graves, Ukraine President's Question To Russian Soldiers' Mothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.