ഉസാമ ബിൻലാദിന്റെ മകൻ ഹംസ മരിച്ചിട്ടില്ല; ഒളിത്താവളത്തിൽ പാശ്ചാത്യ ആക്രമണത്തിന് പദ്ധതിയിടുന്നു -റിപ്പോർട്ട്

കാബൂൾ: അൽഖാഇദ തലവൻ ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദിൻ ജീവിച്ചിരിപ്പുണ്ടെന്നും അഫ്ഗാനിസ്താനിൽ തീവ്രവാദ സംഘടനയെ നയിക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ട്. അഫ്ഗാനിൽ സഹോദരൻ അബ്ദുല്ല ബിൻ ലാദിനൊപ്പം ചേർന്നാണ് ഹംസ അൽഖാഇദയെ പുനഃസംഘടിപ്പിക്കുന്നത് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ മിറർ റിപ്പോർട്ട് ചെയ്തത്.

താലിബാൻ വിരുദ്ധ സൈനിക സഖ്യമായ നാഷനൽ മൊബിലൈസേഷൻ ഫ്രണ്ട് ഹംസയുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ അഫ്ഗാനിസ്താനിൽ 450 പേരുടെ സുരക്ഷിതത്വത്തിലാണ് ഹംസ ഒളിവിൽ കഴിയുന്നത്. ഒളിവിലിരുന്ന് പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണം നടത്താനാണ് ഹംസയും സംഘവും പദ്ധതിയിടുന്നതെന്നും റിപ്പോർട്ടിലുണ്ട്. 2021ൽ അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് ശേഷം അഫ്ഗാൻ വിവിധ തീവ്രവാദ ഗ്രൂപ്പുകളായി പരിശീലന കേന്ദ്രമായി മാറിയെന്നും എൻ.എം.എഫ് മുന്നറിയിപ്പ് നൽകി. ഹംസയുടെ നേതൃത്വത്തിൽ അൽഖാഇദയെ വീണ്ടും സജീവമാക്കുകയാണ്.

2019ലെ യു.എസ് ഭീകരാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ഇതിന് വിരുദ്ധമായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. യു.എസിനും മറ്റ് രാജ്യങ്ങൾക്കും നേരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹംസയുടെ കൊലപാതകം സംബന്ധിച്ച വാർത്തയും ലോകമറിഞ്ഞത്. ഹംസയെ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഇറാനിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Osama Bin Laden's Son Hamza Alive, Leading Al Qaeda In Afghanistan: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.