പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈൽ ആയിരിക്കില്ലായെന്ന് ബൈഡൻ; വിശദമായി അന്വേഷിക്കും

ബാലി: കിഴക്കൻ പോളണ്ടിൽ രണ്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് കാരണം റഷ്യൻ മിസൈൽ ആയിരിക്കില്ലെന്നാണ് പ്രാഥമിക വിവരമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. യു.എസും നാറ്റോയും സംഭവം അന്വേഷിക്കുകയാണെന്നും ബൈഡൻ വ്യക്തമാക്കി. ഇന്തൊനേഷ്യയിലെ ബാലിയിൽ ജി-20 സമ്മേളനത്തിനിടെ ചേർന്ന നാറ്റോയുടെ അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബൈഡൻ.

'പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. മിസൈൽ തൊടുത്തത് റഷ്യയിൽ നിന്നാകണമെന്നില്ല. പൂർണമായും അന്വേഷിക്കുന്നതിന് മുമ്പ് അങ്ങനെ പറയാനാവില്ല. അന്വേഷിക്കാം' -ബൈഡൻ പറഞ്ഞു.

പോളണ്ടിലെ മിസൈൽ ആക്രമണം ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്നതിനിടെയാണ് ബൈഡന്‍റെ പ്രസ്താവന. നാറ്റോയുടെ നിയമാവലി പ്രകാരം, ഏതൊരു സഖ്യരാഷ്ട്രത്തിന് നേരെയുള്ള ആക്രമണവും മുഴുവൻ അംഗരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണ്ട് പ്രതിരോധിക്കണമെന്നാണ്. 

അതേസമയം, പോളണ്ടും യുക്രെയ്നും ആരോപിക്കുന്നത് റഷ്യൻ മിസൈലാണ് പതിച്ചതെന്നാണ്. കിഴക്കൻ പോളണ്ടിലെ പ്രസെവോഡോ ഗ്രാമത്തിലാണ് മിസൈൽ പതിച്ചത്. എന്നാൽ, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിക്കുകയും സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചത്. 

Tags:    
News Summary - Poland blast may not be due to missile fired from Russia, Biden says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.