യു.എൻ മേധാവിയുടെ സന്ദർശനത്തിനിടെ കിയവിൽ വ്യോമാക്രമണം നടത്തിയെന്ന് സമ്മതിച്ച് റഷ്യ


മോസ്കോ: യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന്‍റെ സന്ദർശനത്തിന് പിന്നാലെ കിയവിൽ വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചു. വ്യോമാക്രമണം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗുട്ടറസിന്‍റെ കിയവ് സന്ദർശനത്തിന് തൊട്ടുപിന്നാലെ നടന്ന ആക്രമണം യു.എന്നിനെയും സംഘടനയെ പ്രതിനിധീകരിക്കുന്ന എല്ലാത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.

റഷ്യൻ സേന വ്യാപകമായി യുദ്ധ കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെട്ട ബുച്ചയിലും കിയവിന്‍റെ മറ്റ് പ്രാന്തപ്രദേശങ്ങളിലും വ്യോമാക്രണം നടക്കുന്നതിന് മുമ്പ് ഗുട്ടറസ് സന്ദർശനം നടത്തിയിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന് അന്താരാഷ്ട്ര നിയമങ്ങളോട് യാതൊരു ബഹുമാനവും ഇല്ലെന്നാണ് മനുഷ്യത്വരഹിതമായ ആക്രമണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ജർമ്മനി ആരോപിച്ചു.

ബുച്ചയിൽ നിന്ന് റഷ്യൻ സേനയുടെ പിൻമാറ്റത്തിന് ശേഷം 8,000ത്തിലധികം യുദ്ധ കുറ്റങ്ങളാണ് കണ്ടെത്തിയത്. ബുച്ചയിൽ നിന്ന് മാത്രം ഡസൻ കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുദ്ധ കുറ്റങ്ങളിൽ റഷ്യക്കെതിരെ അന്വേഷണം നടക്കുകയാണെന്നും യുക്രെയ്ൻ അറിയിച്ചു.

ആരോപണങ്ങൾ അന്വേഷിക്കുന്ന യുക്രെയ്ൻ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. കിയവ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന് ശേഷം കിഴക്കൻ മേഖലയായ ഡോൺബോസ് കേന്ദ്രീകരിച്ച് റഷ്യ ഇപ്പോൾ ആക്രമണം ശക്തമാക്കിയിരിക്കുയാണ്.

Tags:    
News Summary - Russia Admits Striking Ukraine's Kyiv During UN Chief's Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.