മോസ്കോ: മരിയുപോളിൽ യുക്രെയ്ൻ ചെറുത്തുനിൽപ് തുടരുന്ന വ്യവസായിക മേഖലയിൽനിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്കുനിർമാണശാലയുടെ ചുറ്റുമാണ് തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ആഗോളസമയം രാവിലെ 11 മുതലാണ് റഷ്യൻ സൈന്യം വെടിനിർത്തൽ ആരംഭിച്ചത്. സൈന്യത്തെ സുരക്ഷിതമായ അകലത്തേക്ക് പിൻവലിച്ചു. യുക്രെയ്ൻ പൗരന്മാരെ ഏതിടത്തേക്കും കൊണ്ടുപോകാമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തന്ത്രപ്രധാനമായ കിഴക്കൻ യുക്രെയ്ൻ നഗരത്തിലെ അസോവ്സ്റ്റൽ വ്യവസായിക മേഖല ഒഴികെയുള്ള സ്ഥലങ്ങളുടെ പൂർണ നിയന്ത്രണം നേടിയതായി കഴിഞ്ഞയാഴ്ച റഷ്യ അവകാശപ്പെട്ടിരുന്നു. ആക്രമിക്കരുതെന്നും നൂറുകണക്കിന് പൗരന്മാരും യുക്രെയ്ൻ സൈനികരുമുള്ള ഉരുക്കുനിർമാണശാല ഉപരോധിക്കാനും പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടിരുന്നു. അതിനിടെ, കിയവിൽ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യുക്രെയ്നിന് 322 ദശലക്ഷം ഡോളർ സൈനിക സഹായം വാഗ്ദാനം ചെയ്തു.
കിയവിലെ അമേരിക്കൻ എംബസി ഉടൻ വീണ്ടും തുറക്കുമെന്ന് യു.എസ് തിങ്കളാഴ്ച വാഗ്ദാനം ചെയ്തു. റഷ്യൻ അധിനിവേശത്തെ തുടർന്ന് രാജ്യംവിട്ട യു.എസ് നയതന്ത്രജ്ഞർ വരുന്ന ആഴ്ചയിൽ പടിഞ്ഞാറൻ നഗരമായ എൽവിവിലേക്ക് തിരിച്ചുവരുമെന്നും അവർ വ്യക്തമാക്കി. യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഉന്നത അമേരിക്കൻ പ്രതിനിധി സംഘം യുക്രെയ്ൻ സന്ദർശിക്കുന്നത്. യുക്രെയ്ൻ നഗരങ്ങളിൽ കടുത്ത പ്രതിരോധം നേരിട്ടതോടെ റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടെന്നും വിജയം യുക്രെയ്നിന് ഒപ്പമായിരിക്കുമെന്നും ബ്ലിങ്കൻ പറഞ്ഞു. യു.എസും യുറോപ്യൻ യൂനിയനും റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം ഫലം കണ്ടെന്നും ലക്ഷ്യബോധം നഷ്ടപ്പെട്ട റഷ്യ നിരപരാധികളെ നിർദാക്ഷിണ്യം കൊന്നൊടുക്കുകയാണെന്നും ബ്ലിങ്കൻ പറഞ്ഞു. ലോകരാജ്യങ്ങളുടെ പിന്തുണയും ആയുധങ്ങളും ലഭ്യമായാൽ തീർച്ചയായും ഈ യുദ്ധത്തിൽ വിജയം യുക്രെയ്ന് ഒപ്പമായിരിക്കുമെന്നും ഓസ്റ്റിൻ അഭിപ്രായപ്പെട്ടു. യുക്രെയ്നും യു.എസും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും എന്നത്തെക്കാളും ശക്തമാണെന്നു സെലെൻസ്കി ട്വീറ്റ് ചെയ്തു.
അതേസമയം, വിന്നിറ്റ്സിയ മേഖലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളും രണ്ട് പട്ടണങ്ങളും ഉൾപ്പെടെ മധ്യ, പടിഞ്ഞാറൻ യുക്രെയ്നിലെ നിരവധി സ്ഥലങ്ങൾ റഷ്യൻ ഷെല്ലാക്രമണത്തിന് ഇരയായതായി പ്രാദേശിക അധികാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.